'തന്ത്രിക്ക് എന്ത് പ്രത്യേകത?, മറ്റ് പ്രതികളെ പോലെ ഒരാള്‍; ബിജെപിയും കോണ്‍ഗ്രസും വക്കാലത്ത് ഏറ്റെടുക്കുന്നു'; നിയമസഭയില്‍ പ്രതിഷേധം



തിരുവനന്തുപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. സമ്മേളനം തുടങ്ങിയതിന് പിന്നാലെ ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുമായി നടത്തളത്തിലിറങ്ങി. കേസിൽ പ്രധാന പ്രതികളെല്ലാം ജയിലിന് പുറത്താണെന്നും തന്ത്രിയെ അനാവശ്യമായി ജയിലിൽ അടച്ചുവെന്നും ആരോപിച്ച് പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കില്ലെന്ന് കെ ബാബു സഭയെ അറിയിച്ചു. കേസിൽ അന്വേഷണം ശരിയായ രീതിയാണ് നടക്കുന്നതെന്നും കെ ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു. തുടർച്ചയായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ നാളെ പിരിയും. ഒൻപത് ബില്ലുകൾ സഭ പാസാക്കും.


തന്ത്രിയെ സർക്കാർ യാതൊരു തെളിവുമില്ലാതെയാണ് ജയിലിൽ അടച്ചതെന്ന് പ്രതിപക്ഷ അംഗമായ കെ ബാബു പറഞ്ഞു. ആചാരലംഘനത്തിന് സർക്കാരിനെ അനകൂലിച്ചെന്ന പേരിലാണ് തന്ത്രിയെ കുടുക്കിയതെന്നും എസ്‌ഐടി അന്വേഷണത്തിൽ സർക്കാരിന്റെ ഇടപെടുന്നതായും കെ ബാബു പറഞ്ഞു. എന്നാൽ കേസിൽ അന്വേഷണം ശരിയായ രീതിയാണ് നടക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കെ.ബാബു നടത്തിയത് ഹൈക്കോടതിക്കെതിരായ പ്രസ്താവനയാണ്. പ്രതിയാകുന്നവരെപ്പറ്റി സർക്കാരിന് യാതൊരു അഭിപ്രായമില്ല. ഹൈക്കോടതിയുടെ പൂർണ നിയന്ത്രണത്തിലാണ് അന്വേഷണം. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സമരം തുടരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


ശബരിമലയിൽ സ്വർണം കട്ടവർ എല്ലാവരും നിയമത്തിന്റെ മുന്നിൽ വരണമെന്നതാണ് സർക്കാർ നിലപാടെന്ന മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇക്കാര്യം സഭയിലും പുറത്തും മുഖ്യമന്ത്രി ഉൾപ്പടെ പറഞ്ഞിട്ടുണ്ട്. തന്ത്രിയെ ഒഴിവാക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ശബരിമലസ്വർണക്കൊള്ളക്കേസിൽ പ്രതിയായ തന്ത്രിക്ക് മറ്റ് പ്രതികളിൽ നിന്ന് എന്ത് പ്രത്യേക അവകാശമാണ് ഉള്ളതെന്ന് രാജേഷ് ചോദിച്ചു. തന്ത്രിക്ക് രണ്ട് വക്കിലൻമാർ സഭയ്ക്ക് പുറത്തുണ്ട്. ബിജെപിയും കോൺഗ്രസുമാണ് അത്. സഭയ്ക്ക് അകത്ത് ബിജെപി ഇല്ലാത്തതുകൊണ്ട് ബിജെപിക്ക് വേണ്ടി കൂടിയുള്ള വക്കാലത്ത് യുഡിഎഫ് എടുത്തിരിക്കുകയാണ്.


വീണ്ടും തന്ത്രിയെ മുൻനിർത്തി തെരുവിലിറങ്ങാനുള്ള സുവർണാവസരമാണ് ഇവർ പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ ഇഹലോകത്തും പരലോകത്തും ഉള്ളവർക്കും പങ്കുണ്ടെന്ന കാര്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നു രാജേഷ് പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് നേതാക്കൾ എല്ലാം ബിജെപിയിലേക്ക് പോകുകയാണ്. അസമിലെ കോൺഗ്രസ് അധ്യക്ഷൻ ബിജെപിയിലേക്ക് പോയതാണ് അതിൽ പുതിയത്. പ്രതിപക്ഷ നിരയിലെ എത്രപേർ കോൺഗ്രസിൽ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. ആരൊക്കെ ബിജെപിയിലേക്ക് പോകുമെന്ന് പറയാൻ കഴിയുമോ?. സ്വർണം കട്ടവരിൽ ഞങ്ങളുടെ ആൾക്കാരെ ഒഴിവാക്കണമെന്നാണോ യുഡിഎഫ് പറയുന്നതെന്നും രാജേഷ് ചോദിച്ചു.

Previous Post Next Post