പത്മജ വേണുഗോപാൽ തൃശൂരിൽ, ശോഭാ സുരേന്ദ്രൻ പാലക്കാട്; നിർദേശിച്ച് ബിജെപി ദേശീയ നേതൃത്വം

 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാൽ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാടും മത്സരിക്കുമെന്ന കാര്യത്തിൽ ധാരണയായതായി റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ബിജെപി ദേശീയ നേതൃത്വം ഇരുവർക്കും വ്യക്തമായ നിർദേശങ്ങൾ നൽകിയതായാണ് സൂചന.


കെ മുരളീധരനെതിരെ വട്ടിയൂർക്കാവിൽ പത്മജ വേണുഗോപാൽ മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പത്മജയ്ക്ക് കൂടുതൽ വിജയസാധ്യത തൃശൂർ ആണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി വിജയിച്ച ലോക്‌സഭാ മണ്ഡലമാണ് തൃശൂർ. പത്മജയ്ക്ക് സുരേഷ് ഗോപിയുടെ വിജയത്തിന്റെ തുടർച്ചയുണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തൽ.


സുരേഷ് ഗോപിയുടെ പൂർണപിന്തുണയുണ്ടെങ്കിൽ തൃശൂരിൽ മത്സരിക്കാമെന്ന് പത്മജ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. പ്രചാരണത്തിന്റെ മുഴുവൻ ചുമതലയും സുരേഷ് ഗോപിയെ ഏൽപ്പിക്കണമെന്നും പത്മജ പറഞ്ഞിരുന്നു. മണ്ഡലത്തിൽ പൂർണശ്രദ്ധ നൽകുമെന്ന് സുരേഷ് ഗോപിയും ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.


സ്ഥാനാർഥി പട്ടികയിൽ ആറു മണ്ഡലങ്ങളിൽ ശോഭാ സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഏത് മണ്ഡത്തിൽ മത്സരിച്ചാലും അതിശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ ശോഭാ സുരേന്ദ്രന് കഴിയുമെന്നതാണ് അവരുടെ തെരഞ്ഞെടുപ്പ് ചരിത്രം. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം പോലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. പ്രത്യേക സാഹചര്യത്തിൽ വിജയം ശോഭയ്‌ക്കൊപ്പം നിൽക്കുമെന്ന് ബിജെപി കരുതുന്നു.


ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക അടുത്ത ദിവസം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേമം ഉൾപ്പടെയുള്ള ഇടങ്ങളിൽ ബിജെപിയുടെ പ്രചാരണം ഇതിനകം തന്നെ ആരംഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നേമത്തെ സ്ഥാനാർഥി. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം തന്നെ മത്സംരംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.

Previous Post Next Post