പിസി ജോർജിന് മുന്നിൽ ഓഫർ വച്ച് ബിജെപി കേന്ദ്ര നേതൃത്വം, ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ആക്കാം


 

തിരുവനന്തപുരം: പൂഞ്ഞാർ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി സി ജോർജിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർപേഴ്സൺ സ്ഥാനം നൽകാമെന്ന് വാഗ്ദാനം. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ ഓഫർ നൽകിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പുതിയ വാഗ്ദാനമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


'ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹത്തിന് ഓഫർ ലഭിച്ചിട്ടുണ്ടെന്നത് ശരിയാണ്. എന്നിരുന്നാലും, ത്രികോണ മത്സരത്തിൽ പി സി ജോർജിന്റെ വിജയസാധ്യത ശക്തമാണെന്ന ഇന്റലിജൻസ് സൂചനകളുണ്ട്. അതുകൊണ്ട് നേതൃത്വം അദ്ദേഹത്തെ മത്സരിപ്പിക്കാനും ആഗ്രഹിക്കുന്നുണ്ട്.' പി സി ജോർജിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.


പൂഞ്ഞാറിൽ സ്ഥാനാർത്ഥിത്വവുമായി മുന്നോട്ട് പോകാനും പി സി ജോർജിന് പാർട്ടി കേന്ദ്രനേതൃത്വം അനുമതി നൽകിയിട്ടുണ്ട്. ദീർഘകാലമായി കേരള കോൺഗ്രസ്സിന്റെ വിവിധ വിഭാഗങ്ങളുടെ ഭാഗമായിരുന്ന പി സി ജോർജ്, യുഡിഎഫിൽ ഉമ്മൻചാണ്ടി സാർക്കാരിന്റെ കാലത്ത് ചീഫ് വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കേരള ജനപക്ഷം പാർട്ടി രൂപീകരിച്ച പിസി ജോർജ്, ബിജെപിയിൽ ചേർന്നു.


പൂഞ്ഞാറിൽ നിന്ന് ഏഴ് തവണ നിയമസഭാംഗമായ ജോർജ് 1980, 1982, 1996, 2001, 2006, 2011, 2016 വർഷങ്ങളിൽ വിജയിച്ചിട്ടുണ്ട്. 2021-ലെ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (മാണി) യുടെ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുംകലിനോട് 16,817 വോട്ടുകൾക്കാണ് പി സി ജോർജ് പരാജയപ്പെട്ടത്. മണ്ഡലത്തിലെ പി സി ജോർജിന്റെ ജനപ്രീതി കണക്കിലെടുത്ത്, തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാൻ ബിജെപി കേന്ദ്രനേതൃത്വം പച്ചക്കൊടി കാണിച്ചിട്ടുമുണ്ട്.

Previous Post Next Post