തിരുവനന്തപുരം: നേറ്റിവിറ്റി കാർഡ്, അബ്കാരി ഭേദഗതി, അഭിഭാഷക, ക്ലാർക്ക്സ് ക്ഷേമനിധി ബില്ലുകൾ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. കമ്മിറ്റിയുടെ അംഗികാരത്തോടെ ബില്ലുകൾ ഇന്ന് സഭ പാസാക്കും. ഭരണഘടന ഉറപ്പുനൽകുന്ന പൗരത്വം പോലെ കേരളീയനെന്നു തെളിയിക്കുന്ന നിയമപ്രാബല്യമുള്ള രേഖയായിരിക്കും നേറ്റിവിറ്റി കാർഡ് എന്ന് ബിൽ അവതരിപ്പിച്ച റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജനിച്ചുവളർന്ന മണ്ണിൽ പൗരത്വം നിഷേധിക്കുന്ന നിയമങ്ങൾ രാജ്യത്തുപാസാക്കുമ്പോഴാണ് ഇങ്ങനെയൊരു കാർഡ് കേരളം അവതരിപ്പിക്കുന്നത്.
നിലവിലെ വിവരങ്ങൾക്കുപുറമെ സർക്കാർ വരുംകാലങ്ങളിൽ നിർദേശിക്കുന്ന മറ്റ് വ്യക്തിപരമായ വിവരങ്ങൾ കൂടി കാർഡിൽ ചേർക്കാൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിൽ അവതരണവേളയിൽ സഭയിൽ ഇല്ലാതിരുന്ന പ്രതിപക്ഷത്തെ അദ്ദേഹം വിമർശിച്ചു. അഭിഭാഷകരുടെയും ക്ലാർക്കുമാരുടെയും ദീർഘകാലമായുള്ള ആവശ്യങ്ങളാണ് അഭിഭാഷക, ക്ലാർക്ക്സ് ക്ഷേമനിധി ബില്ലുകളിലൂടെ യാഥാർഥ്യമാകുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
അഭിഭാഷകരുടെ ക്ഷേമനിധി, വിരമിക്കൽ ആനുകൂല്യങ്ങൾ പത്തുലക്ഷത്തിൽ നിന്നും ഇരുപത് ലക്ഷമായി ഉയർത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. കള്ളിൽ നിന്നും വിനാഗിരി ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളുള്ള അബ്കാരി ഭേദഗതി ബിൽ മന്ത്രി എംബി രാജേഷ് അവതരിപ്പിച്ചു.
