ആദിത്യ ഫോളോ ചെയ്തത് 'ബ്ലാക്ക് വെനം'; മരിച്ചതിന് പിന്നാലെ കൂട്ടത്തോടെ അണ്‍ഫോളോ, ഇന്‍സ്റ്റ അക്കൗണ്ടില്‍ ദുരൂഹത

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യയാണ്(16) മരിച്ചത്. നിര്‍ണായകമായ പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.

'ബ്ലാക്ക് വെനം' എന്ന പേരിലുള്ള അക്കൗണ്ടാണ് പെണ്‍കുട്ടി ഫോളോ ചെയ്തിരുന്നത്. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നിരവധിപേര്‍ പിന്തുടര്‍ന്നിരുന്ന പേജാണിത്. പെണ്‍കുട്ടി മരിച്ചതോടെ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചതായി പൊലീസ് പറയുന്നു.

ഇന്‍സ്റ്റ അക്കൗണ്ട് സംബന്ധിച്ച്‌ ദുരൂഹതകളുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറയുന്നു. സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ സുഹൃത്ത് അപകടത്തില്‍ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവന്‍ വെടിയുന്നു എന്നാണ് ആദിത്യ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്.

പെണ്‍കുട്ടിയുടെ മൊബൈല്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതല്‍ പൊലീസിന്റെ അന്വേഷണം. എന്നാല്‍ അന്വേഷണത്തില്‍ അലംഭാവം കാട്ടുന്നുവെന്ന മാതാപിതാക്കളുടെ ആരോപണത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ എറണാകുളം റൂറല്‍ എസ്പി കെ എസ് സുദര്‍ശന്‍ നിയോഗിച്ചിരുന്നു. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനിടെ അധ്യാപകര്‍, സഹപാഠികള്‍ എന്നിവരടക്കമുള്ളവരില്‍നിന്ന് മൊഴികള്‍ എടുത്തിരുന്നു. അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കൊറിയന്‍ സംഗീതവും സിനിമയുമെല്ലാമായി വളരെയേറെ സമയം ആദിത്യ ചെലവഴിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

ചോറ്റാനിക്കര ഗവ. വിഎച്ച്‌എസ്‌എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു. രാവിലെ 7.45ന് ട്യൂഷനും തുടര്‍ന്ന് സ്‌കൂളിലേക്കുമായി പോയ ആദിത്യയെ അടുത്തുള്ള പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ ബാഗും ലഞ്ച് ബോക്‌സും അടക്കമുള്ളവ കരയില്‍ വച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവ പരിശോധിച്ചപ്പോഴാണ് 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. ഇതിലാണ് തന്റെ സുഹൃത്തായ കൊറിയന്‍ വംശജന്‍ ഈ മാസം 19ന് അപകടത്തില്‍ മരിച്ചെന്നും ഈ വിഷമം സഹിക്കാന്‍ കഴിയുന്നില്ലെന്നും എഴുതിയിരിക്കുന്നത്. മുങ്ങി മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

Previous Post Next Post