തര്‍ക്കങ്ങള്‍ക്ക് വിരാമം; ഇലക്ട്രിക് ബസുകള്‍ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാര്‍ഡില്‍ നിന്ന് തുടക്കം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട കോർപറേഷൻ - കെഎസ്ആർടിസി തർക്കത്തിന് വിരാമം. നഗരത്തിലെ ഇടറോഡുകൾ വഴിയുള്ള ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം മേയർ വി വി രാജേഷ് പുതിയ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. മേയറുടെ വാർഡായ കൊടുങ്ങാനൂരിൽ ആണ് പുതിയ സർവീസിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്


കൊടുങ്ങാനൂരിൽ നിന്നും കിഴക്കേക്കോടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകൾ രാവിലെ സർവീസ് നടത്തി. ബസുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത മേയർ ആദ്യയാത്രയിലും പങ്കാളിയായി. കൊടുങ്ങാനൂർ വാർഡിൽ ഉൾപ്പെട്ട ല കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സർവീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ ഇടറോഡുകളിൽ സർവീസ് നടത്തും.


തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളിലൂടെയാണ് നിലവിൽ ബസ് സർവീസ് പരിഗണിക്കുന്നത്. സർവീസ് ആവശ്യപ്പെട്ട് 29 കൗൺസിലർമാർ കത്ത് നൽകിയിട്ടുണ്ട്. ഇടറോഡുകളിൽ ബസ് ഓടുന്നത് സാധാരണക്കാർക്ക് ഏറെ ഗുണകരമാകും. ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 23 റൂട്ടുകളിലാണ് ആദ്യം സർവീസ് പരിഗണിക്കുന്നതെന്നും മേയർ അറിയിച്ചു.


വിവി രാജേഷ് മേയറായി ചുമതലയേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളിൽ ഒന്നായാണ് ഇലക്ട്രിക് ബസുകളെ നഗരത്തിലേക്ക് തിരിച്ച് വിളിച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങിയ 113 ബസുകൾ നഗരത്തിനു പുറത്തേക്കു സർവീസ് നടത്തുന്നതിനെ ചൊല്ലി മേയറും ഗതാഗത മന്ത്രിയും തമ്മിൽ തർക്കവും ഉടലെടുത്തിരുന്നു. പിന്നീട് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇടറോഡുകളിൽ വീണ്ടും സർവീസ് ആരംഭിക്കാൻ ധാരണയായത്.

Previous Post Next Post