ന്യൂഡൽഹി: ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂട് തയ്യാറായെന്ന് ഇന്ത്യയും യുഎസും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ നികുതി ഇളവ് ഉറപ്പാക്കുന്ന വിധത്തിലാണ് പുതിയ കരാർ എന്നാണ് പ്രസ്താവന നൽകുന്ന സൂചന.
യുഎസ് വ്യാവസായിക ഉൽപ്പന്നങ്ങൾ, ഉണങ്ങിയ ഡിസ്റ്റിലർ ധാന്യങ്ങൾ (ഡിഡിജികൾ), പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങൾ, സോയാബീൻ എണ്ണ, വൈൻ, സ്പിരിറ്റുകൾ, തുടങ്ങിയ വിവിധതരം യുഎസ് ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് 18 ശതമാനം താരിഫ് ചുമത്തും.
5 വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യും. മുൻഗണനാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ വിപണി സൗകര്യങ്ങൾ ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക നികുതി പിൻവലിക്കും. ഇത് സംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രപ് ഒപ്പുവച്ചാതും പ്രസ്താവന വ്യക്തമാക്കുന്നു. എന്നാൽ, ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി 'പുനരാരംഭിച്ചാൽ' താരിഫ് വീണ്ടും ചുമത്തുമെന്ന് മുന്നറിയിപ്പും ഉത്തരവിലുണ്ട്.
