തിരുവനന്തപുരം : വ്യവസായ – കാർഷിക – വാണിജ്യ – വ്യാപാര മേഖലകൾ പൂർണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങൾ അടയും, മോട്ടോർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല, എല്ലാ രംഗത്തെയും തൊഴിലാളികൾ ഫെബ്രുവരി 12 ന് പണി നിർത്തിവയ്ക്കും. ജനവിരുദ്ധമായ കേന്ദ്ര ബജറ്റിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കുമ്പോൾ, ആബാലവൃദ്ധം ജനങ്ങളും യാത്രകൾ ഒഴിവാക്കി പണിമുടക്കിന് സഹകരിക്കുന്ന നിലയായിരിക്കും സ്വീകരിക്കുക. 10 കേന്ദ്ര തൊഴിലാളി സംഘടനകളും, ദേശീയ തൊഴിലാളി ഫെഡറേഷനുകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സംയുക്ത കർഷകമോർച്ചയും, കർഷക തൊഴിലാളി സംഘടനകളും, സിപിഐഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടികളും, പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും, അധ്യാപക സംഘടനകളും, ബാങ്ക് – ഇൻഷുറൻസ് – പ്രതിരോധം, റയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെയും, ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും, ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി രംഗത്തുവരാൻ തീരുമാനിച്ചിട്ടുണ്ട്. മഹിളാ – വിദ്യാർത്ഥി – യുവജന സംഘടനകളും, പണിമുടക്ക് ദിവസം തെരുവിലിറങ്ങി പ്രതിഷേധിക്കും.
11ന് പ്രാദേശികമായി, പണിമുടക്കിൻറെ വിളംബരം നടക്കും. പന്തംകൊളുത്തി പ്രകടനങ്ങൾ ആയിരം കേന്ദ്രങ്ങളിൽ നടക്കും.
തൊഴിലുടമകൾക്ക് 14 ദിവസം മുൻപ് പണിമുടക്ക് നോട്ടീസ് നൽകി കഴിഞ്ഞു.
തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ നടപ്പിൽ വരുന്നതായി കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനത്തിൻറെ കോപ്പികൾ വ്യാപകമായി കത്തിച്ച് പ്രതിഷേധിച്ചു.
ലഘുലേഖകളും, നോട്ടീസുകളും തൊഴിലാളികൾക്കിടയിൽ വ്യാപകമായി വിതരണം ചെയ്തു.
മൂന്നുലക്ഷത്തോളം പോസ്റ്ററുകൾ പണിമുടക്കിൻറെ അറിയിപ്പ് ജനങ്ങളിൽ എത്തിക്കുവാൻ സംസ്ഥാനത്തെമ്പാടും പതിച്ചു.
സോഷ്യൽമീഡിയ വഴി ജനങ്ങളിലേക്ക് പ്രചരണം എത്തിച്ചു കൊണ്ടിരിക്കുന്നു.
ഫെബ്രുവരി 12ന് പണിമുടക്ക് ദിവസം സംസ്ഥാനത്താകെ 650 കേന്ദ്രങ്ങളിൽ പണിമുടക്കിയ തൊഴിലാളികളും, അനുബന്ധ ജനവിഭാഗങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കും.
ജില്ലാ/ഏരിയ കേന്ദ്രങ്ങളിൽ ഉച്ചവരെ നീണ്ടു നിൽക്കുന്ന പ്രതിഷേധ യോഗങ്ങൾ ചേരും.
ഓട്ടോ, ബസ്, കാർ, ലോറി തുടങ്ങി മോട്ടോർ തൊഴിലാളികൾ, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം – വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികൾ, പ്രസ് ജീവനക്കാർ, സ്കീം വർക്കർമാർ, നിർമ്മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ്ഫോം, ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല – പൊതുമേഖല വ്യവസായം, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡിലിംഗ് തൊഴിലാളികൾ, തുറമുഖ തൊഴിലാളികൾ, കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷനുകൾ, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികൾ, ന്യൂജനറേഷൻ ബാങ്കുകൾ, നോൺ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കും. ഷോപ്പിംഗ് മാളുകൾ, സ്പെഷൽ ഇക്കണോമിക് സോൺ സ്തംഭിക്കും. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷാപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ ഇപ്രാവശ്യം പണിമുടക്കുമ്പോൾ, രാജ്യം ആകെ സ്തംഭിക്കും. കഴിഞ്ഞ പണിമുടക്ക്, ജൂലൈ 9ന് 25 കോടി തൊഴിലാളികളും, കൃഷിക്കാരുമാണ് പങ്കെടുത്തതെങ്കിൽ, ഫെബ്രുവരി 12ന് ഉയർത്തുന്ന ആവശ്യങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ, ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ പണിമുടക്കായി മാറും.
