'ഭരണം മാറണം; അധികാരത്തിൽ വന്നത് പിണറായി അല്ല, ഇടതുപക്ഷമാണ്; എൽഡിഎഫ് ഇല്ലാതായി ബിജെപി വരും'

തൃശൂർ: കവി സച്ചിദാനന്ദന് പിന്നാലെ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമെന്ന് എഴുത്തുകാരി സാറാ ജോസഫ്. ഇടതുപക്ഷത്തിന് അധികാരമാണ് മുഖ്യം ജനാധിപത്യം അല്ല. പ്രതിപക്ഷത്ത് ഇരിക്കുന്നത് ഭരണപക്ഷത്തിന് നല്ലതാണെന്നും ജനങ്ങളുടെ നാവായി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ വായ് അടപ്പിക്കുന്ന സമീപനമാണ് നിലവിൽ ഭരണവർഗം ചെയ്യുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.



തുടർഭരണം കിട്ടിയപ്പോൾ ജനാധിപത്യത്തിന്റെ സംരക്ഷകരാകും ഇടതുപക്ഷമെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാൽ അങ്ങനെ ഉണ്ടായില്ല. എല്ലാ ഭരണവർഗങ്ങൾക്കും ആവശ്യം വർഗീയ ശക്തികളെയാണ്. മത ശക്തികളെയാണ്. അവരെ കൂട്ടുപിടിച്ചാണ് ജനാധിപത്യ, മതേതര ഇന്ത്യ എന്ന സങ്കൽപ്പത്തെ ഈ ഭരണവർഗങ്ങൾ തകർത്തുകൊണ്ടിരിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. നിശ്ചയമായും സംസ്ഥാനത്ത് ഒരു ഭരണമാറ്റം ആവശ്യമാണ്. അധികാരം നിലനിർത്താൻ ഏത് പിശാചുമായും കൂട്ടുകൂടുമെന്ന് പറഞ്ഞ ഒരു പാരമ്പര്യം ഇടതുപക്ഷത്തിന് ഉണ്ടെന്നും അങ്ങനെയാണ് ലീഗിനെ ഒപ്പം കൂട്ടാൻ തീരുമാനിച്ചിരുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.


ഭരണം നിലനിർത്താൻ മതങ്ങളെയും വർഗീയ ശക്തികളെയും കൂട്ടുപിടിക്കുകയെന്നുള്ളതാണ് സിപിഎം ലക്ഷ്യം. അധികാരമാണ് അവർക്ക് മുഖ്യം. അല്ലാതെ ജനാധിപത്യമല്ല. ഒന്നുമാറി നിന്ന് പ്രതിപക്ഷത്തിരിക്കുന്നത് ഭരണവർഗത്തിന് നല്ലതാണ്. പിണറായി വിജയൻ എന്ത് സംഭാവന ചെയ്തുവെന്ന് അവർ വിലയിരത്തട്ടെ. ഭരണാധികാരത്തിലേക്ക് വന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. മറിച്ച് പിണറായി വിജയനല്ല. എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും നശിക്കുന്നത് അതിന്റെ ഏകാധിപത്യ സ്വഭാവത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ്. പാർട്ടിയിൽ നിന്ന് വിട്ട് ഒറ്റ വ്യക്തി ഏകാധിപത്യത്തിലേക്ക് പോകുന്നു. പാർട്ടിയുടെ നാശമാണ് ഇതോടെ സംഭവിക്കുക. എൽഡിഎഫ് ഇല്ലാതായി ആ സ്ഥാനത്ത് ബിജെപിയാകും വരിക. പിണറായി എന്ന ബ്രാൻഡിങ് ദോഷം ചെയ്യുമെന്നും സാറാ ജോസഫ് പറഞ്ഞു

Previous Post Next Post