കൊച്ചി: സംസ്ഥാനത്ത് എൽഡിഎഫ് തുടർഭരണം ജനാധിപത്യത്തിന് നല്ലതല്ലെന്ന കവി സച്ചിദാനന്ദന്റെ വിമർശനത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടതുസഹയാത്രികൻ തന്നെ ഇടതിന് തുടർഭരണം വേണ്ടെന്ന് പറയുന്നു. യുഡിഎഫ് പറയുന്ന കാര്യങ്ങൾ സച്ചിദാനന്ദൻ അടിവരയിട്ട് പറയുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
'ഈ സർക്കാരിനോട് കമ്യൂണിസ്റ്റ് പാർട്ടിയിൽപ്പെട്ട നല്ല കമ്യൂണിസ്റ്റുകാർക്കും ഇടത് സഹയാത്രികർക്ക് പോലും താൽപര്യമില്ല. സിപിഎമ്മിന് ഉണ്ടായ അപചയത്തെക്കുറിച്ച് ഏറ്റവും ബോധവാൻമാർ ഇടതുസഹയാത്രികരും നല്ല കമ്യൂണിസ്റ്റുകാരുമാണ്. അത് ശരിവയ്ക്കുന്നതാണ് സച്ചിദാനന്ദന്റെ വാക്കുകൾ. എൽഡിഎഫ് അധികാരത്തിൽ വരരുതെന്നും ഇവർ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷമാണെന്നും സതീശൻ പറഞ്ഞു. കേരളത്തിന്റെ പൊതുവികാരമാണ് സച്ചിദാനന്ദൻ പങ്കുവച്ചതെന്നും സതീശൻ പറഞ്ഞു.
കേരളത്തിന് നല്ലത് രണ്ടുമുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ ആവർത്തിച്ചു. ഇത് താൻ പുതുതായി പറയുന്ന കാര്യമല്ല. ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മാറി മാറി ഉണ്ടാകുകയെന്നത് അടിസ്ഥാന തത്വമാണെന്നും ബംഗാളിലെ അനുഭവം മുൻനിർത്തിയാണ് താൻ ഇക്കാര്യം പറഞ്ഞതെന്നും സച്ചിദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാളിലെ അനുഭവം അവിടുത്തെ പാർട്ടിക്കാരിൽ നിന്ന് താൻ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. തുടർ ഭരണം ഉണ്ടാകുമ്പോൾ പലപ്പോഴും പാർട്ടി തന്നെ അറിയാതെ സ്വാർഥലക്ഷ്യങ്ങളോടെ പലരും അതിനുളളിലേക്ക് കടന്നുവരുന്നു. അധികാര വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണം വർധിക്കാനും ഇടയാക്കുന്നു. പ്രതിപക്ഷത്തിരിക്കാൻ ഭരണപക്ഷം മറന്നുപോകാനും സാധ്യതയുണ്ട്. പ്രതിപക്ഷത്ത് ഇരിക്കുകയെന്നുള്ളത് ഒരുപാർട്ടി ശക്തിപ്പെടുന്നതിനും ജനങ്ങൾക്കിടയിൽ കൂടുതൽ വേരാഴ്ത്തുന്നതിനും സഹായകരമാകുമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് സച്ചിദാനന്ദൻ പറഞ്ഞു.
പ്രതിപക്ഷമാണ് പലപ്പോഴും ജനഹിതം പ്രകടിപ്പിക്കുന്നത്. ജനങ്ങളുടെ അസംതൃപതിയും എതിർപ്പുകൾ പ്രതിഫലിപ്പിക്കുന്നതും അവരാണ്. ഏത് ജനാധിപത്യത്തിലും ശക്തമായ പ്രതിപക്ഷം ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. ജയം തോൽവി എന്നതാകരുത് പാർട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലുള്ള ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതാകണം ജനാധിപത്യം. ഇതുവരെ കാണാത്ത, കേൾക്കാത്ത ശബ്ദം കേൾക്കുമ്പോഴാണ് അതിന്റെതായ അർഥത്തിൽ ജനാധിപത്യം സ്വാർഥകമാകുന്നതെന്നും സച്ചിദാനന്ദൻ പറഞ്ഞു. തന്റെ പ്രതികരണം ഇടതുപക്ഷത്തിനോ, ഒരുപാർട്ടിക്കോ എതിരായല്ല. ഇന്ന് കോൺഗ്രസ് അധികാരത്തിലായാലിരുന്നെങ്കിലും മുന്നാം തവണ അവർ വരരുതെന്ന് താൻ പറയുമായിരുന്നെന്നും സച്ചിദാനന്ദൻ പറഞ്ഞു.
എസ്എൻഡിപി എന്ന സംഘടന ശ്രീനാരായണ ഗുരുവിന് അവസാനം പിരിച്ചുവിടേണ്ടി വന്നു. തീർത്തും ഗുരുവിന്റെ തത്വങ്ങൾക്കെതിരായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളെ സന്തോഷിപ്പിക്കുകയും ഗുരുവേക്കാൾ മഹാനാണെന്ന് പറയുകയും ചെയ്യുന്ന ഒരവസ്ഥ ഒരു കമ്യൂണിസ്റ്റുകാരനെന്നല്ല ഒരു കേരളീയനും ഭൂഷണമല്ല. അത്തരം സന്ധികൾ പാർട്ടികളെ പിന്നോട്ടുകൊണ്ടുപോകുകയും ആദർശവ്യതിയാനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിന് അതീതതമായ പ്രവർത്തനങ്ങളാണ് ബിജെപി ഇതര പാർട്ടികളിൽ നിന്നുണ്ടാകേണ്ടത്. കമ്യൂണിസ്റ്റ് നേതാവിൽ നിന്ന് നാം പ്രതീക്ഷിക്കുന്നത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ പിന്തുടർച്ചയാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.
കേരളത്തിൽ ഇന്ത്യാസഖ്യം അതേപടി നടപ്പാക്കാനാകില്ലെങ്കിലും ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സിപിഎമ്മും കോൺഗ്രസും ഒരുമിച്ചു മത്സരിക്കാൻ തീരുമാനിക്കണമെന്നും സച്ചിദാനന്ദൻ പറഞ്ഞു. സീതാറാം യെച്ചൂരി 'ഇന്ത്യാസഖ്യം' എന്ന ആശയം മുന്നോട്ടുവച്ച ഉടൻ അതിനെ ഇവിടെ പിന്തുണച്ച ആളാണ് രാഷ്ട്രീയ പ്രവർത്തകൻ അല്ലാത്ത, ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരനായ ഈയുള്ളവൻ. ഇന്നും അതിൽ ഒരു മാറ്റവും ഇല്ല. ഇന്ത്യ എന്നാൽ കേരളം അല്ല എന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിൽ സഖ്യം അതേപടി നടപ്പാക്കാൻ ഇപ്പോൾ കഴിയില്ല എന്നറിയാം; അങ്ങനെ വന്നാൽ ബിജെപി മുഖ്യ പ്രതിപക്ഷമാകും. എന്നാൽ അവർക്കു ജയസാധ്യതയുള്ള ഇടങ്ങളിലെങ്കിലും തങ്ങളിൽ ഒരു കൂട്ടർ മത്സരിച്ചാൽ മതി എന്ന് ഇരുവരും ഇപ്പോൾ തന്നെ തീരുമാനിക്കണം. പിന്തുണയ്ക്കുന്നവർക്ക് മറ്റേ മുന്നണിക്കു വോട്ടു നൽകാൻ നിർദേശം നൽകണം. ഇത് കോൺഗ്രസിന് നെഹ്‌റുവിയൻ ആദർശങ്ങളിലേക്കു തിരിച്ചുപോകാൻ പ്രേരണ നൽകും, അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഇന്ന് സ്വീകരിക്കാൻ വിഷമം ഉണ്ടാവില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
