തിരുവനന്തപുരം: നിയമസഭയിൽ താൻ വായിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആവശ്യം തള്ളി സഭ. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കീഴ് വഴക്കവും ചട്ടവും നിരത്തിയാണ് നടപടി.
ഭരണഘടനയുടെ അനുച്ഛേദം 176 പ്രകാരമുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ അവതരിപ്പിക്കുന്നത് എന്റെ സർക്കാരിന്റെ നയങ്ങൾ എന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നയപ്രഖ്യാപനത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ച് ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്തോട് കൂടിയാണ് നൽകുന്നത്. ഏതെങ്കിലും കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിലോ, ഭിന്നാഭിപ്രാമയമുണ്ടെങ്കിലോ ഗവർണർക്ക് അക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാവുന്നതാണ്. ഭിന്നാഭിപ്രായം നിലനിൽക്കെ തന്നെ ഗവർണർമാർ മന്ത്രിസഭ അംഗീകരിച്ച ഭാഗം വായിക്കുന്നതും ഗവർണർമാർ ചില ഭാഗങ്ങൾ ഒഴിവാക്കി വായിക്കുന്നതുമായ കീഴ്‌വഴക്കം നേരത്തെ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം തന്നെ സഭാധ്യക്ഷൻമാർ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി സഭാ രേഖകളുടെ ഭാഗമാകുമെന്ന് റൂളിങ് നൽകുകയും ചെയ്തു.
കീഴ്‌വഴക്കങ്ങൾ പിന്തുടർന്നുള്ള റൂളിങ് തന്നെയാണ് സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായത്. ഇത്തവണ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് നൽകിയപ്പോൾ ഗവർണർ മുഖ്യമന്ത്രിയെ കത്ത് മുഖാന്തരമോ അല്ലാതെയോ അഭിപ്രായങ്ങൾ അറിയിച്ചിട്ടില്ല. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം തിരുത്തിവായിക്കുന്ന നടപടി ഇതുവരെ ഉണ്ടായിട്ടില്ല. പാർലമെന്ററി വ്യവസ്ഥയിൽ ഇത്തരമൊരു നടപടി ഭരണഘടാനുസൃതമായി കാണാൻ കഴിയില്ല. ഗവർണറുടെ വിവേചനാധികാരങ്ങളെ പറ്റി സുപ്രീം കോടതി തന്നെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
മന്ത്രിസഭ അംഗീകരിച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഇത്തരത്തിൽ മാറ്റം വരുത്തിയിരുന്ന കാര്യം അന്നുതന്നെ താൻ സഭയിൽ ഉന്നയിക്കുകയും സർക്കാർ നിലപാട് അറിയിക്കുയും ചെയ്തിരുന്നു. പിന്നാലെ സ്പീക്കർ സർക്കാർ നിലപാടുകളോട് യോജിക്കുകയും സഭയിൽ റൂളിങ് നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം ഗവർണർ തന്റെ പ്രസംഗം അതേരൂപത്തിൽ തന്നെ ആയിരിക്കണമെന്ന് സ്പീക്കറോട് കത്ത് മുഖാന്തരം ആവശ്യപ്പെട്ടു. എന്നാൽ, എല്ലാ കാലത്തും ക്യാബിനറ്റ് അംഗീകരിച്ച ഔദ്യോഗിക നയപ്രഖ്യാപന പ്രസംഗം അതേപടി നിയമസഭാ രേഖകളിൽ ചേർക്കുന്ന കീഴ് വഴക്കമാണ് നിയമസഭ പിന്തുടർന്നത്. ഇതേരീതി തന്നെയാണ് പാർലമെന്റിലും മറ്റ് സംസ്ഥാന നിയസമസഭകളിലുമുള്ളത്. അതിന് മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ കാണുന്നത്. ഇക്കാര്യത്തിൽ ഗവർണർ സ്പീക്കർക്ക് നൽകിയ കത്ത് പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.
