തോമസ് ഐസക്ക് അടക്കം 9 സെക്രട്ടേറിയറ്റ് അംഗങ്ങൾ മത്സരരംഗത്തേക്ക്?; മൂന്നുപേർ സ്ഥാനാർഥികളാവില്ല

 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ചൂടുപിടിച്ചതോടെ, സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള ഘട്ടങ്ങളിലേക്ക് കടക്കാൻ സിപിഎം ഒരുങ്ങുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ വലിയൊരു പങ്ക് നേതാക്കളും ഇത്തവണ മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്.


സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളിൽ ഒമ്പത് പേർ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. മറ്റു ചില നേതാക്കന്മാർ കൂടി ഇത്തവണ പോരാട്ടത്തിനിറങ്ങുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ് എന്നിവർ മത്സരിക്കും.


മുൻമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജയും മത്സരിക്കാൻ സാധ്യതയേറെയാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ പി ജയരാജൻ മത്സരിക്കാൻ സാധ്യതയില്ല. അതേസമയം മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗമായ മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെ മത്സരത്തിനായി പരിഗണിക്കുന്നുണ്ട്. 2001 മുതൽ 2011 വരെ ഇപ്പോൾ നിലവിലില്ലാത്ത മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് രണ്ടുതവണ തോമസ് ഐസക്ക് വിജയിച്ചു.


പിന്നീട് ആലപ്പുഴയിൽ നിന്ന് (2011 മുതൽ 2021 വരെ) രണ്ടുതവണ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പി ചിതരഞ്ജൻ ആണ് ആലപ്പുഴയുടെ എംഎൽഎ. ഇത്തവണ ആലപ്പുഴയ്ക്ക് പകരം പത്തനംതിട്ടയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കാൻ തോമസ് ഐസക്ക് താൽപ്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തോമസ് ഐസക്ക് പത്തനംതിട്ടയിൽ മത്സരിച്ചിരുന്നു. ജില്ലയിലെ അഞ്ച് സീറ്റുകളും ഇപ്പോൾ ഇടതുപക്ഷത്തിന്റേതാണ്.


ശേഷിക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങളിൽ എം സ്വരാജിന്റെ പേര് നിലമ്പൂർ മണ്ഡലത്തിൽ ഉയർന്നുകേൾക്കുന്നുണ്ട്. മുൻ എംപി പി കെ ബിജു, മുൻ എംഎൽഎ എം വി ജയരാജൻ എന്നിവരെ കൂടാതെ ഇടതുമുന്നണി കൺവീനറും പേരാമ്പ്ര എംഎൽഎയുമായ ടിപി രാമകൃഷ്ണൻ എന്നിവർ മത്സരിക്കണോ എന്നതിലും ഉടൻ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് പാർട്ടി നേതൃത്വം സൂചിപ്പിക്കുന്നത്.


Previous Post Next Post