കാസർകോടുകാരൻ മുഹമ്മദ് ഇന്ത്യൻ പൗരനല്ലെന്നു വ്യാജപരാതി; ബിജെപി നേതാവിനെതിരെ നിയമനടപടി, ഉത്തരവിട്ട് കലക്ടർ

 

കാസർകോട്: ഇന്ത്യൻ പൗരനല്ലെന്ന് ആരോപിച്ച് കാസർകോട് സ്വദേശിക്ക് എതിരെ പരാതി നൽകിയ ബിജെപി നേതാവിനെതിരെ നിയമ നടപടി. പൈവളിക സ്വദേശി മുഹമ്മദിനെതിരെ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. പരാതി തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി നൽകിയതെന്ന് കണ്ടെത്തിയതായും കലക്ടർ പറഞ്ഞു.


മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ട ഫോം7 പ്രകാരം പരാതി നൽകിയത്. പരാതിയെ തുടർന്ന് നടത്തിയ ഹിയറിങ്ങിലും പരാതിക്കാരൻ ഹാജരായി. എന്നാൽ ആരോപണം പിന്തുണയ്ക്കുന്ന ഒരു തെളിവും നൽകാനാകാത്ത സാഹചര്യത്തിലാണ് നടപടി.


പരാതി നൽകിയ വ്യക്തിക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടറുടെ അറിയിപ്പ്. ഫോം7 പ്രകാരം എതിർപ്പ് നൽകുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.

Previous Post Next Post