ശബരിമല യുവതീപ്രവേശനം: വാദം കേൾക്കൽ ഏപ്രിൽ 7 മുതൽ; മാർച്ച് 14 നകം നിലപാട് അറിയിക്കാൻ സുപ്രീംകോടതി നിർദേശം

 


ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയിൽ മാർച്ച് 14 ന് അകം സംസ്ഥാന സർക്കാർ അടക്കം കേസിലെ കക്ഷികൾ വാദങ്ങളും നിലപാടുകളും രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി. പുനഃപരിശോധനാ ഹർജി പരിഗണിക്കാനായി 9 അംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കും. ഏപ്രിൽ 7 ന് കേസിൽ വാദം കേൾക്കൽ ആരംഭിക്കും. ഏപ്രിൽ 22 ന് വാദംകേൾക്കൽ പൂർത്തിയാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.


ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിൽ ഉൾപ്പെടുന്ന ജഡ്ജിമാരുടെ പട്ടിക ചീഫ് ജസ്റ്റിസ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ അറിയിക്കും.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ശബരിമല കോടതി വിധിയെ അനുകൂലിക്കുന്നവരുടെ വാദമാണ് ഏപ്രിൽ 7 മുതൽ 9 വരെ നടക്കുക. തുടർന്ന് ഏപ്രിൽ 14 മുതൽ 16 വരെ പുനഃപരിശോധനാ ഹർജിയെ പിന്തുണയ്ക്കുന്നവരുടെ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.


ശബരിമലയിലെ വിധി പുനഃപരിശോധിക്കേണ്ടതാണെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ അറിയിച്ചു. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ പുനഃപരിശോധനാ ഹർജിയെ എതിർത്തിരുന്നുവെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത പറഞ്ഞു. എന്നാൽ തുടർന്നും എതിർക്കുമോയെന്നതിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.


എതിർക്കുന്നവരുടേയും അനുകൂലിക്കുന്നവരുടേയും വാദങ്ങൾക്ക് ശേഷം അമിക്കസ് ക്യൂറിമാരുടെ വാദവും, മറുപടി സത്യവാങ്മൂലങ്ങളും കോടതി പരിശോധിക്കും. മുതിർന്ന അഭിഭാഷകനായ രാജു രാമചന്ദ്രനു പുറമെ, മലയാളി അഭിഭാഷകനായ കെ പരമേശ്വരനെ കൂടി കേസിൽ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.

Previous Post Next Post