ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും മാർച്ച് 9 ന് നടക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാർച്ച് 9 നാണ് തുടങ്ങുക. അന്നേദിവസം ലോക്‌സഭയിൽ സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം പരിഗണിക്കും. കേന്ദ്രമന്ത്രി പറഞ്ഞു.
ആദ്യം തന്നെ അവിശ്വാസപ്രമേയം പരിഗണിക്കുക എന്നതാണ് ചട്ടം. അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച തുടക്കത്തിൽ നടക്കും. ചർച്ചയ്ക്ക് ശേഷം വോട്ടെടുപ്പും ഉണ്ടാകും. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തിൽ കണ്ടതുപോലുള്ള പ്രതിഷേധങ്ങൾ പ്രതിപക്ഷ പാർട്ടികൾ തുടർന്നാൽ, അത് ആത്യന്തികമായി അവർക്ക് തന്നെ ദോഷകരമാകുമെന്ന് റിജിജു മുന്നറിയിപ്പ് നൽകി.
മാർച്ച് 9 ന് പുനരാരംഭിക്കുന്ന സമ്മേളനം ഏപ്രിൽ 2 നാണ് അവസാനിക്കുക. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം രസകരമായിരിക്കുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. നിരവധി 'പ്രധാനപ്പെട്ട' നിയമനിർമ്മാണങ്ങളും ഒരു 'നിർണ്ണായക' ബില്ലും പാർലമെന്റിൽ ചർച്ചയ്ക്കും പാസാക്കലിനും വേണ്ടി അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏതാണ് ആ ബില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയില്ല.
