'എടോ,.. എടോ.. ഇവിടെ നിന്ന് മിണ്ടരുത്, യോഗത്തിന് അച്ചടക്കം വേണ്ടേ?'; സ്‌റ്റേജില്‍ തിക്കിത്തിരക്കിയ നേതാക്കളോട് കയര്‍ത്ത് വിഡി സതീശന്‍


 

തൊടുപുഴ: പുതുയാഗയാത്രയുടെ സ്വീകരണപരിപാടിക്കിടെ നേതാക്കളും പ്രവർത്തകരും ബഹളം വച്ചതോടെ കയർത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വേദിയിൽ നേതാക്കളുടെ തിക്കും തിരക്കും കാരണം ജാഥാ ക്യാപ്റ്റനെ കാണാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് പ്രവർത്തകർ ബഹളം തുടങ്ങിയത്. പ്രസംഗം തുടങ്ങിയിട്ടും പ്രവർത്തകർ ബഹളം വച്ചതോടെയാണ് സതീശൻ സ്വരം കടുപ്പിച്ചത്. 'എടോ.. എടോ സംസാരിക്കാതിരിക്ക്.. മിണ്ടരുത് ഇവിടെ നിന്ന്' എന്ന് പ്രവർത്തകരോട് താക്കീത് സ്വരത്തിൽ സതീശൻ പറയുകയും ചെയ്തു.


പുതുയുഗ യാത്രയുടെ ഇടുക്കി ജില്ലയിലെ ആദ്യത്തെ പരിപാടിയാണ് അടിമാലിയിൽ നടന്നത്. പ്രവർത്തകരെ താക്കീത് ചെയ്തതിന് പിന്നാലെ സ്റ്റേജിൽ തിങ്ങി നിറഞ്ഞ് നിന്ന നേതാക്കളോട് മാറി നിൽക്കാനും സതീശൻ ആവശ്യപ്പെട്ടു. 'ഇവിടെ നിന്ന് മാറി നിൽക്ക്. യോഗത്തിന് അച്ചടക്കം വേണ്ടേ'യെന്ന് നേതാക്കളോട് സതീശൻ പറയുകയും ചെയ്തു.


നേരത്തെ കുറ്റ്യാടിയിലെ പുതുയാഗ യാത്രയുടെ പരിപാടിയ്ക്കിടെയും നേതാക്കളുടെ ഉന്തുംതള്ളുമുണ്ടായിരുന്നു. ജാഥയുടെ ശോഭ കെടുത്തുന്ന പ്രവർത്തനമായിരുന്നു നേതാക്കൻമാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിമർശനം ഉയർന്നതോടെ അത് സ്‌നേഹതള്ളലായിരുന്നുവെന്നായിരുന്നു പിന്നീട് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.

Previous Post Next Post