ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞത്; സ്‌കൂൾ മാനേജർക്കെതിരെ കേസെടുത്തു

 

കൊല്ലം: കൊല്ലം നെടുവത്തൂരിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞതിൽ സ്‌കൂൾ മാനേജർക്കെതിരെ കേസെടുത്തു. നെടുവത്തൂർ ഈശ്വരവിലാസം ഹൈസ്‌കൂളിലെ മാനേജർ സുരേഷ് കുമാറിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.


അധ്യാപികയുടെ പരാതിയിൽ സെക്യുരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇയാളെ മാനേജ്‌മെന്റ് സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രധാനാധ്യാപികയെന്ന പരിഗണന നൽകാതെ അവഹേളിച്ചെന്ന് സംഭവത്തിൽ സംഭവത്തിൽ അധ്യാപികയുടെ പരാതിയിൽ നേരത്തെ കൊട്ടാരക്കര പൊലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽവിടുകയും ചെയ്തിരുന്നു.


എന്നാൽ സെക്യൂരിറ്റിയെ മാത്രം പ്രതി ചേർത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതോടെയാണ് പ്രേരണാക്കുറ്റം ചുമത്തി മാനേജർക്കെതിരെയും കേസെടുത്തത്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. അധ്യാപികയെ തടഞ്ഞ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.


രണ്ട് ദിവസം മുമ്പ് കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. എസ്. സിന്ധു എന്ന അധ്യാപികയെയാണ് തടഞ്ഞത്. മാനേജറുടെ നിർദേശപ്രകാരമാണ് തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരനും സിന്ധുവും പറഞ്ഞിരുന്നു. നേരിട്ടത് കടുത്ത അപമാനമാണെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അധ്യാപിക പറഞ്ഞിരുന്നു. തടഞ്ഞതിന് പിന്നാലെ അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. സർക്കാർ ഉത്തരവ് പ്രകാരമാണ് അധ്യാപിക ചുരിദാർ ധരിച്ച് സ്‌കൂളിലെത്തിയത്.

Previous Post Next Post