പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി മരണസുബിൻ ക്രൂരമായി ഉപദ്രവിച്ചെന്ന് അതിജീവിത. കഴുത്തിൽ കത്തിവച്ചായിരുന്നു പീഡനം. സഹപ്രവർത്തകരിൽ ചിലർ ഗുണ്ടകൾക്ക് ഒപ്പം നിന്നതായും പ്രതി ഫോണിൽ വിഡിയോ ചിത്രീകരിച്ചതായും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ സംഭവത്തിന് പിന്നിൽ ക്വട്ടേഷനെന്ന് സ്പാ ഉടമ ഡോ. സഞ്ജയ് പറഞ്ഞു. ക്വട്ടേഷൻ നൽകിയത് മറ്റൊരു സ്പാ ഉടമയാണ്. തന്റെ ബിസിനസ് തകർക്കുകയായിരുന്നു ലക്ഷ്യം. ഗുണ്ടാപിരിവ് പൊലീസിന്റെ കഥയാണ്. പൊലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. പൊലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. പൊലീസിൽ പ്രത്യേക പരാതി നൽകുമെന്നും സഞ്ജയ് പറഞ്ഞു.
കേസിലെ പ്രതിയായ മരണസുബിൻ എന്ന സുബിൻ അലക്‌സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താനാണ് പൊലീസ് നീക്കം. കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതൽ തടങ്കലിനുശേഷം കഴിഞ്ഞ മാർച്ചിലാണ് ഇയാൾ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങൾ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ബലാത്സംഗ കേസ് അന്വേഷിക്കാൻ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
മരണസുബിനും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. 50,000 രൂപ നൽകണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തിൽ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്നായിരുന്നു ഭീഷണി എന്നും പൊലീസ് പറയുന്നു.
