തിരുവനന്തപുരം: കോട്ടൂരിൽ ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. ആനയെ കുളിപ്പിക്കുന്നതിനിടെ ഒന്നാം പാപ്പാൻ ആയ ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്.
രാവിലെ എട്ടരയോടെയാണ് സംഭവം. കാലിന് സുഖമില്ലാത്ത ആനയെ നെയ്യാർ ഡാം റിസർവോയറിൽ കുളിപ്പിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പാപ്പാനെ തുമ്പിക്കൈ കൊണ്ട് ആന അടിച്ചു കൊല്ലുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന പാപ്പാന്മാർ ബഹളം വെച്ചെങ്കിലും ആന അവിടെ നിന്ന് പിന്മാറാൻ തയ്യാറായില്ല.
പിന്നീട് കൂടുതൽ പാപ്പാന്മാർ എത്തി ആനയെ അവിടെ നിന്ന് മാറ്റിയതിന് ശേഷമാണ് വിഷ്ണുവിനെ വെള്ളത്തിൽ നിന്ന് പുറത്തേയ്ക്ക് എടുത്തത്. ഉടൻ തന്നെ വിഷ്ണുവിനെ ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
