തന്ത്രി കണ്ഠരര് രാജീവര് ജയിലില്‍ തുടരും; റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേക്കാണ് തന്ത്രിയുടെ റിമാൻഡ് കൊല്ലം വിജിലൻസ് കോടതി നീട്ടിയത്. ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഓൺലൈനായിട്ടാണ് തന്ത്രി കണ്ഠരര് രാജീവരെ കോടതിയിൽ ഹാജരാക്കിയത്.


തന്ത്രിയുടെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതി റിമാൻഡ് നീട്ടിയത്. സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഈ മാസം 9 ന് കോടതി വിശദമായ വാദം കേൾക്കും. കട്ടിളപ്പാളി കേസിലും രണ്ടാമത് അറസ്റ്റിലായ ദ്വാരപാലക കേസിലും തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.


സ്വർണക്കൊള്ളയിൽ പങ്കില്ല, ആചാരപരമായ കാര്യങ്ങൾ മാത്രമാണ് ചെയ്തത്, പ്രതികളുമായി നേരിട്ടു ബന്ധമില്ല തുടങ്ങിയ വാദങ്ങളാണ് ജാമ്യാപേക്ഷയിൽ തന്ത്രി ഉന്നയിച്ചിട്ടുള്ളത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും, സ്വർണക്കവർച്ച ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി എസ്‌ഐടി ജാമ്യാപേക്ഷയെ എതിർത്തിട്ടുണ്ട്.


സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊല്ലം കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ഇതോടെ രണ്ടുകേസിലും ജാമ്യം ലഭിച്ച പോറ്റി ഉടൻ പുറത്തിറങ്ങിയേക്കും. കേസിൽ മുരാരി ബാബു, സുധീഷ് കുമാർ, ശ്രീകുമാർ എന്നീ പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Previous Post Next Post