പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ, കൂടെയുണ്ടായിരുന്നയാൾ തൂങ്ങിമരിച്ചു

 

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശി കെവി സീമ(50)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന അയ്യോത്തെ കടേൽപറമ്പിൽ വീട്ടിൽ കെ പി വിജയനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഇന്നലെ രാത്രിമുതൽ ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാട്ടൂലിൽ യുപി സ്‌കൂളിന് സമീപത്താണ് വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.



ബുധനാഴ്ചയാണ് മരിച്ച സീമയും വിജയനും പറശിനിക്കടവിലെ സമ്മർലാന്റ് ഇൻ ലോഡ്ജിൽ മുറിയെടുത്തത്. വൈകുന്നേരത്ത് മുറി പൂട്ടി വിജയൻ പുറത്തുപോവുകയും ചെയ്തു. ഇയാൾ മടങ്ങിയെത്താത്തിനെ തുടർന്ന് ലോഡ്ജ് അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് സീമയെ മരിച്ച നിലയിൽ കണ്ടൈത്തിയത്. നേരത്തെയും ഇരുവരും ഈ ലോഡ്ജിൽ മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതർ പൊലീസിനോട് പറഞ്ഞു.


പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സീമയുടെ മരണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പറയാനാവൂവെന്ന് പൊലീസ് പറഞ്ഞു. സീമയുടെ മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സീമയും വിജയനും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴിയെടുത്ത് വരികയാണ്. മുട്ടിൽ സ്വദേശിനിയായ സീമയുടെ ഭർത്താവ് സുരേഷ് രണ്ട് വർഷം മുമ്പാണ് മരിച്ചത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

Previous Post Next Post