കോട്ടയം: ശബരിമല സ്വർണപ്പാളി കേസിൽ തന്ത്രി രാജീവര് കണ്ഠരരുടെ വിഷയത്തിൽ പഴയ നിലപാട് തന്നെയാണ് എൻഎസ്എസിനുള്ളതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കേസിൽ പുതിയ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല. കേസ് തുടരുകയാണല്ലെയെന്നും അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാണെന്നും സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.
'ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്നതും നടപടി സ്വീകരിക്കുന്നതും സർക്കാരാണ്. അതിന് മുകളിൽ കോടതിയുണ്ട്. കേസ് തീർന്നിട്ടില്ല. പിന്നെ എന്തിനാണ് ധൃതി പിടിച്ച് അഭിപ്രായം പറയേണ്ടത്. ആരാണ് കുറ്റക്കാരെന്ന് അന്വേഷണ സംഘം കണ്ടുപിടിക്കട്ടെ. അതിന് മുൻപേ താൻ കയറി അഭിപ്രായം പറയേണ്ടതില്ല'- സുകുമാരൻ നായർ പറഞ്ഞു.
ബിജെപിയും കോൺഗ്രസും ഈ വിഷയത്തിൽ തന്ത്രിക്ക് അനുകൂലമായ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് സുകുമാരൻ നായരുടെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണികപോലുമില്ലാത്ത സാഹചര്യത്തിൽ എന്തിനാണ് തന്ത്രിയെ 41 ദിവസം ജയിലിൽ കിടത്തിയതെന്ന് സർക്കാർ പൊതുജനങ്ങളോട് വ്യക്തമാക്കണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് രാജീവ് കണ്ഠരരും അഭിപ്രായപ്പെട്ടിരുന്നു. തന്നെ കേസിൽ കുടുക്കുകയായിരുന്നു. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോൾ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചു. അതിൽ സർക്കാരിന് തന്നോട് രോഷമുണ്ടായിരുന്നു എന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയിൽ പറഞ്ഞിരുന്നു.
