തൃശൂർ: അമേരിക്കൻ കമ്പനിയിൽ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവൺ ഇൻഫ്രാസ്‌ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് സിപിഎം നാലുകോടി സംഭാവന വാങ്ങിയതിന്റെ രേഖകളും ശോഭാ സുരേന്ദ്രൻ പുറത്തുവിട്ടു. ആഗോള ആശുപത്രി ശൃംഖലയായ അമേരിക്കൻ കമ്പനിക്ക് കേരളത്തിന്റെ ആരോഗ്യമേഖലയെ തീറെഴുതിയെന്നും അവർ തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പി വൺ ഇൻഫ്രാസ്‌ട്രെക്ചർ പ്രൈവറ്റ് ലിമിറ്റഡ് ആണ് എന്നുപറയുന്ന കമ്പനിക്ക് 2021 വരെ കേരളത്തിൽ യതൊരു തരത്തിലുമുള്ള ബിസിനസും ഉണ്ടായിരുന്നില്ല. ബ്ലാക് സ്റ്റോൺ എന്ന അമേരിക്കൻ കമ്പനിയുടെ ഉപകമ്പനിയാണ് ഇതെന്നും കേരളത്തിലെ പത്തോളം വരുന്ന പ്രൈവറ്റ് കമ്പനികളെ ഇവർ വാങ്ങിക്കൂട്ടിയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഇത് വലിയൊരു ആശുപത്രി ശൃംഖലയാണ്. പാവപ്പെട്ടവരുടെ ജീവിതം വിറ്റുകൊണ്ടാണ് കേരളത്തിൽ പടർന്നുപന്തലിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രിയും കൂട്ടരും ആ കകമ്പനിക്ക് ഒരുക്കിയതെന്നും ശോഭ പറഞ്ഞു.
2021ൽ മെഡിക്കൽ കോളജിൽ ഒരുവർഷം പതിമൂന്ന് ലക്ഷത്തോളം അഡ്മിഷൻ കിട്ടിയിരുന്നെങ്കിൽ അത് ഏഴരലക്ഷമായി കുറഞ്ഞു. സർക്കാർ ആശുപത്രികളിൽ അഭയം തേടി പ്രതിവർഷം 1.10 ലക്ഷം മേജർ സർജറികൾ നടന്നുവെങ്കിൽ അത് 89000 ആയി കുറഞ്ഞു. അത് ഇതിന്റെ ഭാഗമാണെന്നും ശോഭ ആരോപിച്ചു. മാർക്‌സിറ്റ് പാർട്ടിയുടെ നേതാക്കൻമാർ ഒരാൾ പോലും ചികിത്സ തേടി കേരളത്തിന്റെ ആരോഗ്യമേഖലയെ സമീപിക്കുന്നില്ല. ഒന്നുകിൽ കേരളത്തിന് പുറത്ത്, അല്ലെങ്കിൽ ഇന്ത്യക്ക് പുറത്ത് എന്നുള്ള രീതിയിലാണ് മുന്നോട്ടുപോകുന്നത്. നാലുകോടി രൂപ പാർട്ടി ഫണ്ട് വാങ്ങിയാണ് അമേരിക്കൻ സാമ്രജ്യത്വ കമ്പനിയെ കൊണ്ടുവന്നത്. അവർ കേരളത്തിൽ തിരുവന്തപുരം. കൊല്ലം. കോട്ടയം. എറണാകുളം, മലപ്പുറം, പാലക്കാട് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന സ്വകാര്യ ആശുപത്രിയെ വാങ്ങിക്കൂട്ടിയെന്നും ശോഭ പറഞ്ഞു.
പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 2016 മുതൽ 2023വരെ കേന്ദ്രസർക്കാർ നാഷണൽ ഹെൽത്ത് മിഷൻ വഴി 5556 കോടി രൂപ സർക്കാരിന് നൽകിയിട്ടുണ്ട്. ഇതിൽ ആലപ്പുഴ ജില്ലക്ക് മാത്രമായി 230 കോടിയിൽ അധികം നൽകിയിട്ടുണ്ട്. ഇൻഫ്രാ സ്‌ട്രെക്ചർ, മനുഷ്യവിഭവമൊരുക്കൽ എന്നിവയ്ക്കാണ് ഇത്രയും തുക നൽകിയത്.
ജീവൻരക്ഷകരാവുന്നതിനു പകരം ചില ഡോക്ടർമാർ ആരാച്ചാർ പോലെ പ്രവർത്തിക്കുകയാണ്. പൊതുസമൂഹത്തോട് ഉത്തരം പറയാൻ ബാധ്യതപ്പെട്ട വ്യക്തി ആരോഗ്യമന്ത്രി വീണാ ജോർജ് മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിയാണ്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ ഉൾപ്പടെ സമരത്തിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി പറയുന്നത് അവരെ കാണാൻ സമയമില്ലെന്നാണ്. അവരുടെ കാര്യങ്ങൾ കേൾക്കാൻ സമയം കൊടുക്കാത്തത് മൂലം നഷ്ടം പാവപ്പെട്ട രോഗികൾക്കാണ്. മേജർ ശസ്ത്രക്രിയ, ഒപി എന്നിവ മുടങ്ങിയിരിക്കുകയാണെന്നും ശോഭ പറഞ്ഞു.
