കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍ രശ്മി ബിജെപിയിലേക്ക്.

കൊല്ലം: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ആർ രശ്മി ബിജെപിയിലേക്ക്. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിക്കും. രശ്മി കൊട്ടാരക്കരയിൽ ബിജെപി സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ബിജെപി നേതാക്കൾ രശ്മിയുമായി ചർച്ച നടത്തിയിരുന്നു.


സിപിഎം വിട്ടെത്തിയ അയിഷാ പോറ്റി കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെയാണ് രശ്മിയുടെ കൂടുമാറ്റം. ഐഷാ പോറ്റി കോൺഗ്രസിലേക്ക് എത്തുമെന്നുറപ്പായതോടെ സാമൂഹിക മാധ്യമങ്ങളിൽ രശ്മി അവർക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ രശ്മിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി സംസാരിച്ചിരുന്നെങ്കിലും അവർ വഴങ്ങിയില്ല. സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ രണ്ട് ആവശ്യങ്ങൾ പാർട്ടിക്ക് മുന്നിൽ വച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി ഇടപെട്ട് തീർക്കണം, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ബോർഡ് കോർപറേഷൻ പദവി എന്നിവയായിരുന്നു അവ. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉറപ്പുലഭിക്കാതെ വന്നതോടെയാണ് പാർട്ടി വിടാൻ രശ്മി തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ രശ്മിയെ ഫോണിൽ വിളിച്ചെങ്കിലും പാർട്ടിയിൽ തുടരാനില്ലെന്ന് അവർ അറിയിച്ചതായാണ് വിവരം.


കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ അംഗമായിരുന്ന രശ്മി, ജില്ലയിലെ അറിയപ്പെടുന്ന മഹിളാകോൺഗ്രസ് നേതാവുകൂടിയാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെഎൻ ബാലഗോപാലിനെതിരേ കോൺഗ്രസിൽനിന്ന് മത്സരിച്ചത് രശ്മിയായിരുന്നു. 10,814 വോട്ടിനാണ് അന്ന് ബാലഗോപാൽ ജയിച്ചത്. 2016-ൽ അയിഷാ പോറ്റി സിപിഎമ്മിനുവേണ്ടി മത്സരിച്ചപ്പോൾ 42,632 വോട്ടിനാണ് ജയിച്ചത്. സവിൻ സത്യനായിരുന്നു അന്ന് കോൺഗ്രസ് സ്ഥാനാർഥി.

Previous Post Next Post