തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാർ വാതിലിന് മുന്നിൽ റീത്ത് വച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
പൊലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയിൽ അതിക്രമിച്ചു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമർശനം ഉയരുന്നുണ്ട്. തൈക്കാട് നിന്ന് പ്രകടനവുമായി എത്തിയ യൂത്ത കോൺഗ്രസ് പ്രവർത്തകാണ് മന്ത്രിയുടെ വസതിക്ക് അകത്തുകയറിയത്. പ്രതിഷേധക്കാർ വീടിന് മുന്നിൽ കരിങ്കൊടി ഉയർത്തുകയും ചെയ്തു. അതിനുശേഷം തിരിച്ചിറങ്ങിയ പ്രവർത്തകർ മന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ ഗേറ്റിന് പുറത്ത് പ്രതിഷേധം തുടർന്നു.
കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് 'കാലന്റെ ആരോഗ്യ വകുപ്പായി' മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വകുപ്പിലെ ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയിലാണ് വകുപ്പെന്ന് തുറന്നു പറയുന്നുണ്ടെന്നും, നൂറുകണക്കിന് പിഴവുകൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ തേടുന്നു എന്ന് പറയുന്നതല്ലാതെ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറാകുന്നില്ല. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും, മന്ത്രിയുടെ അഹങ്കാരവും ധിക്കാരവും കലർന്ന നിലപാടുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതോടെ കൂടുതൽ പൊലീസ് സ്ഥലത്തത്തി. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി.
