കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ റോഡിന് കുറുകേ ഓടിയ കുട്ടിയെ മനസാന്നിധ്യമൊന്നുകൊണ്ട് മാത്രം രക്ഷപ്പെടുത്തിയ സ്വകാര്യബസ് ഡ്രൈവർ ഷിനോജിനെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൻറെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ കോഴിക്കോട് പുതിയ ബസ് സ്റ്റാൻറിൽ വെച്ച് അരീക്കോട് സ്വദേശി ഷിനോജിനെ ആദരിച്ചത്. ഓട്ടോറിക്ഷയിൽ നിന്നും പുറത്തിറങ്ങി റോഡിന് കുറുകെ ഓടിയ കുട്ടിയെ കണ്ട് ഷിനോജ് റോഡിൻറെ വലത് വശത്തേക്ക് ബസ് വെട്ടിച്ച് ബ്രേക്കിട്ടതിനാലാണ് ദുരന്തം ഒഴിവായത്.
കൊടിയത്തൂർ മാക്കൽ എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെയാണ് ഈ സംഭവം നടന്നത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ചുകടന്നിരുന്നു. ഓട്ടോയിലെ സീറ്റിൽ ഇരുന്ന് പിതാവ് പണം കൊടുക്കുന്നതിനിടെ കുട്ടി പുറത്തിറങ്ങി അമ്മയ്ക്കരികിലെത്താൻ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചു. കോഴിക്കോട് കൊടിയത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന തയ്യിൽ ബസിലെ ഡ്രൈവർ അരീക്കോട് സ്വദേശി ഷിനോജിന്റെഅസാധാരണമായ മനസാന്നിധ്യം കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ ആഘാതം കാരണം രണ്ട് ദിവസം ജോലിക്ക് പോകാനായില്ലെന്ന് ഡ്രൈവർ ഷിനോജ് പ്രതികരിച്ചു. നിരവധി പേരാണ് ഷിനോജിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.
