ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷ എംപിമാർക്കെതിരെ നടപടിയുമായി സ്പീക്കർ. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരടക്കം എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ഈ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കാണ് സസ്‌പെൻഷൻ.
ലോക്സഭയിലെ ബഹളവും ചെയറിന് നേരെ പേപ്പറുകൾ എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിങ്, രാജ വാറിംഗ്, മാണിക്കം ടാഗോർ, ഗുർജീത് സിംഗ് ഔജ്ല, കിരൺ കുമാർ റെഡ്ഡി, പ്രശാന്ത് പഡോളെ, എസ് വെങ്കിടേശൻ തുടങ്ങിയ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.
മുൻ കരസേന മേധാവി എം എം. നരവനെയുടെ പുസ്തകത്തിലെ ചൈനീസ് അതിർത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം പ്രതിപക്ഷം ഇന്നും ലോക്‌സഭയിൽ പരാമർശിച്ചു. ഭരണപക്ഷ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭാ നടപടികൾ തടസ്സപ്പെട്ടു. പിന്നീട് രാഹുൽ ഗാന്ധി വിഷയം വീണ്ടും ഉന്നയിക്കാൻ ശ്രമിച്ചു. അനുമതി നിഷേധിച്ചതോടെ നടുത്തളത്തിൽ ഇറങ്ങി പേപ്പർ വലിച്ചെറിഞ്ഞ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുകയായിരുന്നു.
