ന്യൂഡൽഹി: പാർലമെന്റിന് പുറത്ത് പടിക്കെട്ടിൽ തെന്നിവീണ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയുടെ കാൽ ഒടിഞ്ഞു. ഇന്നലെയുണ്ടായ വീഴ്ചയിലാണ് വലത് കാൽ ഒടിഞ്ഞത്.ശശി തരൂരിന്റെ ഓഫീസ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഒടിവ് പറ്റിയ കാലുമായി നിൽക്കുന്ന തരൂരിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കുന്നതിനിടെയാണ് പടിക്കെട്ടിൽ നിന്ന് ശശി തരൂർ തെന്നിവീണത്. യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും അടുത്തുണ്ടായിരുന്നു. ശശി തരൂരിനെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേർന്നാണ് പിടിച്ചെഴുന്നേൽപ്പിച്ചത്. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ശശി തരൂർ പാർലമെന്റിലെത്തിയത്.
ഇന്ന് രാവിലെ നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് ഒടിവ് സ്ഥിരീകരിച്ചത്. പാർലമെന്ററി പ്രവർത്തനങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും ശശി തരൂർ കഴിയുന്നത്ര പങ്കെടുക്കും. ഒരുപക്ഷേ വീൽചെയറിൽ ആണെങ്കിൽ കൂടിയും പാർലമെന്ററി പ്രവർത്തനങ്ങളിൽ സജീവമായി എംപി പങ്കെടുക്കുമെന്നും ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു.
