'കൊറിയ ഞങ്ങളുടെ സ്വപ്നം, സോറി പപ്പാ...' ഗാസിയാബാദിലെ കൂട്ട ആത്മഹത്യയിൽ ഡയറിക്കുറിപ്പ്


 

ഗാസിയാബാദ്: രാജ്യത്തെ നടുക്കി ഗാസിയാബാദിലെ സഹോദരിമാരായ പെൺകുട്ടികളുടെ ആത്മഹത്യ വാർത്തയിൽ ദുരൂഹത വർധിപ്പിച്ച് ഡയറിക്കുറിപ്പുകൾ. കൂട്ടികളുടെ മുറിയിൽ നിന്നും കണ്ടെത്തിയ പോക്കറ്റ് ഡയറിയിലെ 9 പേജുകളിലാണ് കുട്ടികളുടെ മരണകാരണത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകളുള്ളത്.


കൊറിയൻ സംസ്‌കാരങ്ങളോടും കലകളോടുമുള്ള കുട്ടികളുടെ അടുപ്പം മുതൽ കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ വരെയുള്ള വിഷയങ്ങളുടെ സൂചനകളാണ് ഇതിലുള്ളത്. ബുധനാഴ്ച പുലർച്ചെയാണ് ചേതൻ കുമാർ എന്നയാളുടെ മക്കളായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവർ ജീവനൊടുക്കിയത്. കൊറിയൻ സംസ്കാരത്തോടുള്ള പെൺകുട്ടികളുടെ താത്പര്യവും, വിഷയത്തിൽ കുടുംബത്തിനുള്ള എതിർപ്പും വ്യക്തമാക്കുന്ന പരാമർശങ്ങളാണ് കുറിപ്പുകളിലുള്ളത് എന്നാണ് പൊലീസ് നൽകുന്ന വിവരം.


'ഞങ്ങൾക്ക് കൊറിയൻ ഭാഷ ഇഷ്ടമാണ്. ലൗ.. ലൗ.. ലൗ.. തുടങ്ങിയ വാക്കുകളും കുറിപ്പിൽ ആവർത്തിച്ച് പറയുന്നു. തങ്ങളുടെ താത്പര്യങ്ങളും, ഭാവി തെരഞ്ഞെടുപ്പുകളും രക്ഷിതാക്കൾ എതിർക്കുന്നു എന്നും ഡയറിയിൽ സൂചനകളുണ്ട്. രക്ഷിതാക്കളിൽ നിന്ന് പലപ്പോഴും മർദനം ഉൾപ്പെടെ നേരിട്ടിരുന്നു എന്നാണ് മറ്റൊരു പരാമർശം.


'നിങ്ങൾ ഞങ്ങളെ കൊറിയൻ ഭാഷ ഉപേക്ഷിക്കാൻ നിർബന്ധിച്ചു. കൊറിയൻ ആയിരുന്നില്ലേ ഞങ്ങളുടെ ജീവിതം...? ഒരു ഇന്ത്യക്കാരനുമായുള്ള ഞങ്ങളുടെ വിവാഹം നിങ്ങൾ പ്രതീക്ഷിച്ചിരുന്നു, അത് ഒരിക്കലും സംഭവിക്കില്ല,' 'നിങ്ങളുടെ തല്ലിനേക്കാൾ നല്ലത് മരണമാണ്. അതിനാൽ മരണം തെരഞ്ഞെടുക്കുന്നു. അച്ഛൻ ഞങ്ങളോട് ക്ഷമിക്കണം ''സോറി പപ്പ'' എന്ന് വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


കുട്ടികളുടെ പോക്കറ്റ് ഡയറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതുൾപ്പെടെ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ നിമിഷ് പാട്ടീൽ പറഞ്ഞു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് 'ഡയറിയിലുള്ള പരാമർശങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയുൾപ്പെടെ അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഓഹരി വിപണിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കുട്ടികളുടെ പിതാവ് ചേതന് അടുത്തിടെ കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിലയേക്കുള്ള പരിശോധന.


രണ്ട് കോടിയോളം രൂപയാണ് കുട്ടികളുടെ പിതാവിന് ചേതന് ബാധ്യതയായുള്ളത്. അടുത്തിടെ ഇലക്ട്രിസിറ്റി ബില്ല് അടയക്കാൻ പോലും പണമില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു. മൊബൈൽ ഫോൺ വിറ്റാണ് ഈ തുക കണ്ടെത്തിയത് എന്നുൾപ്പെടെയുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി വീട്ടിൽ ഇടയ്ക്കിടെ തർക്കങ്ങൾക്ക് കാരണമായിരുന്നു എന്ന അയൽവാസികളുടെ മൊഴികൾ ഉൾപ്പെടെ പരിശോധിക്കുകയാണ് പൊലീസ്.


സാഹിബാബാദിനെ ടീല മോർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭാരത് സിറ്റിയിലെ ബഹുനില കെട്ടിടത്തിലെ ഒമ്പതാം നിലയിലെ ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടിയാണ് കുട്ടികൾ ജീവനൊടുക്കിയത്. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം, ബുധനാഴ്ച വൈകുന്നേരം യമുന നദിയുടെ തീരത്തുള്ള ഡൽഹിയിലെ നിഗം ബോധ് ഘട്ടിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നു.

Previous Post Next Post