തിരുവനന്തപുരം: റോഡ് സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും കൈകോർക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയിൽ 'റോഡ് സേഫ്റ്റി കേഡറ്റ്' പദ്ധതിയാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ നടക്കും. പദ്ധതിയുടെ പൈലറ്റ് റൺ മാവേലിക്കര താലൂക്കിലെ ജോൺ എഫ് കെന്നഡി മെമ്മോറിയൽ സ്‌കൂളിൽ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു. ഇവിടെ പരിശീലനം പൂർത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടന ദിവസം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കുഞ്ഞുങ്ങളിലൂടെ സുരക്ഷിതമായ ഒരു കേരളം കെട്ടിപ്പടുക്കാൻ ഈ പദ്ധതി വലിയൊരു മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.
ക്ലാസ് മുറികളിൽ നിന്നും റോഡ് സുരക്ഷാ സംസ്‌കാരം ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. വരാനിരിക്കുന്ന അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പദ്ധതി സംസ്ഥാന വ്യാപകമാക്കും. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്കാണ് മുൻഗണന നൽകി ആദ്യഘട്ടത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുക.
തുല്യ അനുപാതത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന 30 വിദ്യാർത്ഥികളായിരിക്കും ഒരു ബാച്ചിൽ ഉണ്ടാവുക. 15 മണിക്കൂർ പഠന ക്ലാസുകൾ, 5 മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് സിലബസ്. റോഡ് നിയമങ്ങൾക്ക് പുറമെ, അഗ്‌നിശമന സേനയുമായി ചേർന്ന് ട്രോമാകെയർ, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനം, നീന്തൽ എന്നിവയിലും കേഡറ്റുകൾക്ക് പരിശീലനം നൽകും. കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പുകൾ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ഇവർക്ക് ലഭിക്കും.
സ്‌കൂൾ വാനുകളിൽ സേഫ്റ്റി കോർഡിനേറ്റർമാരായി പ്രവർത്തിക്കാനും സ്‌കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും കേഡറ്റുകളെ വിനിയോഗിക്കും. കൂടാതെ, റോഡ് അപകടങ്ങളുടെ കാരണങ്ങൾ വിശകലനം ചെയ്യുന്നതിൽ എം.വി.ഡി ഉദ്യോഗസ്ഥരെ ഇവർ സഹായിക്കും. ചുവപ്പിൽ കറുപ്പും മഞ്ഞയും വരകളുള്ള ടീഷർട്ട്, കറുത്ത പാന്റ്‌സ്, ഷൂസ്, മെറൂൺ ക്യാപ്പ് എന്നിവയാണ് കേഡറ്റുകളുടെ യൂണിഫോം. ഇതിനായി KRSA ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ ഇവർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
