കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടങ്ങളുടെ പരിശോധനയിൽ വീഴ്ച വന്നോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിശോധനയിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. സംസ്ഥാനത്തെ പഴയ കെട്ടികങ്ങളിൽ പരിശോധന നടത്തുമെന്നും വലിയങ്ങാടിയിലെ ദുരന്തസ്ഥലം സന്ദർശിച്ച മന്ത്രി പറഞ്ഞു.
'കർക്കശമായ നിലപാട് ഈ വിഷയത്തിൽ സർക്കാർ സ്വീകരിക്കും. മേയറുമായി സംസാരിച്ചു. കോഴിക്കോട് നഗരത്തിലെ ഇത്തരം കെട്ടിടങ്ങളുടെ സ്ട്രക്ച്ചറൽ സ്‌റ്റെബിലിറ്റി കോർപ്പറേഷന്റെ എൻജിനീയറിങ് വിഭാഗം പരിശോധിച്ചിട്ടുണ്ടോ, പരിശോധിച്ചതിൽ എതെങ്കിലും ഉദ്യോഗസ്ഥർ കണ്ണടച്ചിട്ടുണ്ടോ, ഇതെല്ലാം ഗൗരവമായ അന്വേഷണങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ആരെയും വൊറുതെ വിടാൻ പാടില്ലെന്നും' മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ പഴയ കെട്ടിടങ്ങൾ പരിശോധിക്കും. സ്വകാര്യ കെട്ടിടങ്ങളും പരിശോധിക്കും. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും അവരെ ആക്ഷേപിക്കില്ല.എന്നാൽ, ഒരുമിച്ച് നിൽക്കേണ്ട അവസ്ഥയിൽ ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് നാല് പേർ മരിച്ച സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി.
