'വെറുതെ ജനങ്ങളെ വിഡ്ഢികളാക്കരുത്, ബജറ്റിൽ കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങളുണ്ട്; ഇതുവരെ കൊടുത്ത പദ്ധതികൾ നടപ്പിലാക്കിയോ?'

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന വിമർശനങ്ങളെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങൾ കേന്ദ്ര ബജറ്റിലുണ്ട്. അതു പഠിച്ച് മനസ്സിലാക്കാൻ ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ മനസ്സിലാക്കാൻ കഴിയും. കേന്ദ്ര ബജറ്റിൽ പറഞ്ഞ പദ്ധതികൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് കപ്പാസിറ്റി ഉണ്ടോയെന്ന് ചോദിക്കണം. ഇതുവരെ കൊടുത്ത പദ്ധതികൾ സംസ്ഥാന സർക്കാരിന് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


ബജറ്റിനെച്ചൊല്ലി സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണ്. വെറുതെ ഓരോന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കുന്ന രാഷ്ട്രീയം നിർത്തണം. കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ടി എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നതു സംബന്ധിച്ച് എട്ടു പേജുള്ള ഡോക്യുമെന്റ് തന്റെ കൈവശമുണ്ട്. ഇപ്പോഴത്തെ പ്രചാരണം എന്തിനു വേണ്ടിയാണെന്ന് മനസ്സിലാക്കണം. 10 കൊല്ലം ഭരിച്ച സിപിഎം ഇതുവരെ ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് കാർഡാണ് മുമ്പോട്ടു വെക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


പകരം കേന്ദ്ര സർക്കാർ അവഗണിക്കുന്നു, പരിഗണിക്കുന്നില്ല തുടങ്ങിയ പ്രചാരണങ്ങളാണ് നടത്തുന്നത്. ഇതു നൂറു ശതമാനം നുണയാണ്. ജനങ്ങളുടെ സാമാന്യ ബുദ്ധിയെ സിപിഎം വെല്ലുവിളിക്കുകയാണ്. 2014 വരെ കോൺഗ്രസ് സർക്കാരാണ് ഇന്ത്യ ഭരിച്ചത്. എട്ടു മന്ത്രിമാരായിരുന്നു കേരളത്തിൽ നിന്നും ഉണ്ടായിരുന്നത്. അവർ കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്‌തോ?. അതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസിന്റെ പ്രചാരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Previous Post Next Post