'ബിജെപി അധികാരത്തിൽ എത്തിയാൽ മൂന്ന് മാസം കൊണ്ട് ഹൈസ്പീഡ് റെയിൽ പണി തുടങ്ങും, അഞ്ച് വർഷം കൊണ്ട് പൂർത്തിയാകും'

 

പാലക്കാട്: കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ ഹൈസ്പീഡ് റെയിൽവെയുടെ പണികൾ മൂന്ന് മാസം കൊണ്ടുതുടങ്ങാനാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. താൻ ഇക്കാര്യത്തിൽ രാഷ്ട്രീയം പറയുന്നതല്ല, മറ്റ് മുന്നണികൾ വന്നാൽ സാങ്കേതിക കാര്യങ്ങളിൽ കുരുങ്ങി പദ്ധതി നീണ്ടുപോകാൻ ഇടയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. മറ്റു പാർട്ടിക്കാർ ബന്ധപ്പെട്ടിട്ടില്ല. റെയിൽവേ മന്ത്രിയുടെ വാക്കാലുള്ള നിർദേശത്തെത്തുടർന്നാണ് വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുന്നതിലേക്കു കടന്നതെന്നും ശ്രീധരൻ പറഞ്ഞു.



പുതിയ ഡിസൈൻ അനുസരിച്ച് നിർമ്മാണച്ചെലവും പദ്ധതി പൂർത്തിയാക്കാൻ എടുക്കുന്ന സമയവും ഗണ്യമായി കുറയ്ക്കുമെന്ന് ശ്രീധരൻ പറഞ്ഞു. പരിഷ്‌കരിച്ച പദ്ധതിയനുസരിച്ച്, തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് എത്താൻ മൂന്നുമണിക്കൂർ 20 മിനിറ്റ് മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 80,000 കോടി രൂപയായിരുന്ന പദ്ധതിച്ചെലവ് പരിഷ്‌കരിച്ച എസ്റ്റിമേറ്റ് പ്രകാരം 56,500 കോടി രൂപയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.


465 കി.മീ. ദൂരത്തിലാണ് പാത. 445 കിലോമീറ്റർ ആകാശപ്പാത, 20 കിലോമീറ്റർ തുരങ്കപ്പാത. 20-30 കി.മീ. ഇടവിട്ട് ആകെ 20 സ്റ്റേഷനുകൾ. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് ബന്ധം. കണ്ണൂർ വിമാനത്താവളത്തിലേക്ക് പ്രത്യേക കണക്ടിവിറ്റി. തിരുവനന്തപുരം-കണ്ണൂർ നിരക്ക് 780 രൂപ.


മണിക്കൂറിൽ 200 കി.മീ. വേഗത്തിൽ പോകാനാകും. 180 കി.മീ. വേഗത്തിൽ വണ്ടികൾ ഓടും. വേഗനിയന്ത്രണങ്ങൾ കണക്കാക്കിയാലും ശരാശരി മണിക്കൂറിൽ 140 കി.മീ. വേഗത്തിൽ വണ്ടി ലക്ഷ്യത്തിലെത്തും. 560 ആളുകൾക്ക് യാത്രചെയ്യാവുന്ന, എട്ടു കോച്ചുള്ള വണ്ടികളാണ് ഓടിക്കുക. എല്ലാ കോച്ചുകളും പ്രീമിയം ക്ലാസ്. തിരക്കുള്ള സമയങ്ങളിൽ 30 മിനിറ്റ് ഇടവിട്ടും മറ്റു സമയങ്ങളിൽ ഒരുമണിക്കൂർ ഇടവിട്ടും വണ്ടി ഓടിക്കും.


അഞ്ചുവർഷം കൊണ്ട് പൂർത്തിയാകും. ഹൈസ്പീഡ് റെയിൽവേ പ്രവർത്തിക്കുക സൗരോർജത്തിൽ. ഇതിനുവേണ്ട ചെലവും ഉൾപ്പെടുത്തിയിട്ടുണ്ട്. തൂണുകളിൽ പാത പോകുന്നിടങ്ങളിൽ 20 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്താൽ മതി. പണി പൂർത്തിയായാൽ ഏറ്റെടുത്ത സ്ഥലങ്ങൾ നിയന്ത്രണങ്ങളോടെ ഉടമകൾക്ക് തിരികെ കൊടുക്കും.


കേന്ദ്രസർക്കാരിന് 51 ശതമാനവും കേരള സർക്കാരിന് 49 ശതമാനവും പങ്കാളിത്തത്തിൽ രൂപവത്കരിക്കുന്ന കേരള ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ആയിരിക്കും പദ്ധതി നടത്തുന്നത്. കൊങ്കൺ മാതൃകയിൽ 70 ശതമാനം തുക സർക്കാരുകൾ വഹിക്കും. ബാക്കി വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും എടുക്കും. കേന്ദ്രസർക്കാരിന് ആകെ 20,171 കോടിയും കേരള സർക്കാരിന് 19,380 കോടിയുമായിരിക്കും ചെലവ്.


20 സ്റ്റേഷനുകൾ


തിരുവനന്തപുരം


തിരുവനന്തപുരം എയർപോർട്ട്


വർക്കല


കൊല്ലം


കൊട്ടാരക്കര


പത്തനംതിട്ട


തിരുവല്ല


കോട്ടയം


വൈക്കം


എറണാകുളം ബൈപ്പാസ്


നെടുമ്പാശ്ശേരി എയർപോർട്ട്


തശ്ശൂർ


പട്ടാമ്പി


മലപ്പുറം


കരിപ്പൂർ എയർപോർട്ട്


കോഴിക്കോട്


കൊയിലാണ്ടി


വടകര


തലശ്ശേരി


കണ്ണൂർ


രണ്ടാംഘട്ടത്തിൽ ഏഴിടത്തേക്ക് പദ്ധതി നിട്ടാനാകുമെന്നും ഇതിനായി 35,000 കോടി രൂപ ചെലവ് വരുമെന്നും ശ്രീധരൻ പറഞ്ഞു.


കണ്ണൂർ-കാസർകോട്: 82 കിലോമീറ്റർ. 36 മിനിറ്റ്


കോഴിക്കോട്-കൽപ്പറ്റ: 48 കി.മീ. 30 മിനിറ്റ്


പട്ടാമ്പി-പാലക്കാട്: 50 കി.മീ. 22 മിനിറ്റ്


തൃശ്ശൂർ-പാലക്കാട്: 52 കി.മീ. 23 മിനിറ്റ്


തൃശ്ശൂർ-ഗുരുവായൂർ: 22 കി.മീ. 10 മിനിറ്റ്


പത്തനംതിട്ട-പമ്പ: 40 കി.മീ. 20 മിനിറ്റ്


തിരുവനന്തപുരം-പാറശ്ശാല: 29 കി.മീ. 13 മിനിറ്റ്

Previous Post Next Post