ഏറ്റുമാനൂരിലെ പൊന്നാന മാഹാത്മ്യം; കൺകുളിർക്കെ കണ്ടുതൊഴുത് കാണിക്കയർപ്പിക്കാൻ ആയിരങ്ങൾ ‌ഇന്നെത്തും

ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങും ചരിത്രപ്രസിദ്ധവുമാണ് ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും. എട്ടാം ഉത്സവമായ ഇന്നാണ് പുണ്യദായകമായ ചടങ്ങ്. രാത്രി 12-ന് ആസ്ഥാന മണ്ഡപത്തിൽ എഴുന്നള്ളുന്ന ഏഴരപ്പൊന്നാന കൺകുളിർക്കെ കണ്ടുതൊഴുത് കാണിക്കയർപ്പിക്കാൻ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.


ആസ്ഥാനമണ്ഡപത്തിന്റെ ഇരുവശങ്ങളിലും ഏഴരപ്പൊന്നാനയെ നിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പുവച്ച് ശോഭയിലാണ് വലിയ കാണിക്ക.


അലങ്കാരപ്പന്തലിലെ സ്വർണക്കുടത്തിലാണ് വലിയ കാണിക്ക ഇടേണ്ടത്. ചെങ്ങന്നൂർ പൊന്നുരുട്ടമഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആദ്യകാണിക്ക അർപ്പിക്കും. ഏഴരപ്പൊന്നാനയെ ക്ഷേത്രത്തിലെ അറയ്ക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. എട്ടാം ഉത്സവത്തിനും ആറാട്ടിനും മാത്രമാണ് പുറത്തെടുക്കുന്നത്. ഏറ്റുമാനൂരപ്പൻ പേരൂർ പൂവത്തുംമൂട്ടിലെ ആറാട്ടിനുശേഷം തിരികെ എത്തുമ്പോൾ കോവിൽപാടത്ത് ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെയാണ് വരവേൽക്കുന്നത്. 


ഏഴാം ഉത്സവം മുതൽ കാഴ്ചശ്രീബലിക്കും എതിരേൽപ്പിനും തിടമ്പേറ്റിയ ആനയുടെ പുറത്ത് പൊന്നിൻകുട ചൂടും. രണ്ടടി പൊക്കമുള്ള ഏഴ് ആനകളും, ഒരടിപൊക്കമുള്ള ഒരു കുട്ടിയാനയുമാണ് ഏഴരപ്പൊന്നാന. രണ്ടുതുലാം സ്വർണമാണ് ഒരു വലിയ ആനയുടെ തൂക്കം. അര ആനയ്ക്ക് ഒരു തുലാം സ്വർണവും. ഏഴരപ്പൊന്നാന അഷ്ടദിക്ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. കാർത്തികത്തിരുനാൾ മഹാരാജാവ് 7143 കഴഞ്ച് സ്വർണംകൊണ്ട് നിർമിച്ച ഏഴരപ്പൊന്നാനയെ നടയ്ക്കുവച്ചതാണെന്ന് ഐതിഹ്യമുണ്ട്.


എന്നാൽ തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന മാർത്താണ്ഡവർമ്മ 926-ൽ നടയ്ക്ക് വെച്ചതാണ് ഏഴരപ്പൊന്നാന എന്നുള്ള വിശ്വാസവും ഉണ്ട്. ചെന്തെങ്ങിൻകുലകളും തളിർ വെറ്റിലയും പട്ടും തൊങ്ങലും കട്ടിമാലകൾകൊണ്ടും അലങ്കരിച്ച ആസ്ഥാനമണ്ഡപത്തിൽ പൊന്നാനയെ എഴുന്നള്ളിക്കുമ്പോൾ പ്രപഞ്ചമൂർത്തിയെ വണങ്ങാൻ ദേവന്മാരും ഋഷീശ്വരൻമാരും എത്തുമെന്നാണ് വിശ്വാസം. ഏഴരപ്പൊന്നാന ദർശനത്തിനായി പതിനായിരങ്ങൾ ഒഴുകിയെത്തുന്നത് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

Previous Post Next Post