കാസർകോട്: ജീവനൊടുക്കിയ വ്ലോഗർ ചിന്നു പാപ്പുവിന്റെ ( രേഷ്മ) ആൺസുഹൃത്തിന്റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മർദമെന്ന് പൊലീസ്. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ കാസർകോട് മന്നിപ്പാടി സ്വദേശി സന്ദേശ് (29) വലിയ തോതിൽ വിമർശനം നേരിട്ടിരുന്നു. വിമർശനം സൈബർ ആക്രമണത്തിലേക്ക് തിരിഞ്ഞതോടെ ഉണ്ടായ മാനസിക സമ്മർദമാണ് സന്ദേശിന്റെ ആത്മഹത്യക്ക് പിന്നിൽ എന്നാണ് പൊലീസിന്റെ നിഗമനം.
ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന സന്ദേശിനെ ഞായറാഴ്ച പകൽ പുറത്തേക്ക് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദത്തെ കുറിച്ച് സന്ദേശ് പറഞ്ഞിരുന്നു എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ചിന്നു പാപ്പുവിന്റെ മരണത്തെത്തുടർന്ന് പൊലീസ് സന്ദേശിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
ചിന്നു പാപ്പു എന്നറിയപ്പെടുന്ന വ്‌ളോഗർ രേഷ്മ കഴിഞ്ഞ തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഉളിയത്തടുക്കയിലെ വാടകവീട്ടിലാണ് രേഷ്മയും സന്ദേശും താമസിച്ചിരുന്നത്. രേഷ്മയുടേത് തൂങ്ങി മരണം ആണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതോടെ മരണത്തിൽ ദുരൂഹതയില്ലെന്ന രീതിയിലാണ് അന്വേഷണം നീങ്ങിയത്.
കാസർകോട് തുടർന്ന് പൊലീസെത്തി പ്രാഥമിക പരിശോധനയ്ക്കു ശേഷം സന്ദേശിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ നാരായണ നായ്ക്, അമ്മ സരോജ. സഹോദരി ഗൗതമി.
