'ആ പണം എന്റേതല്ല, എന്റെ കയ്യില്‍ തന്ന് ഫോട്ടോ എടുപ്പിച്ചതാണ്; ഗോവിന്ദന്‍ മാഷ് തിരികെ തരുമെന്നും പറഞ്ഞിരുന്നു'

കോഴിക്കോട്: വികസന മുന്നേറ്റ ജാഥയ്ക്കിടെ പെൻഷൻ പണം ആണെന്ന് പറഞ്ഞ് നൽകിയ 2000 രൂപ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വൃദ്ധന് തന്നെ തിരികെ നൽകിയ വീഡിയോയിൽ പുതിയ വെളിപ്പെടുത്തൽ. സ്വമനസ്സാലെ പണം നൽകിയതല്ലെന്നും, ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകി വീഡിയോ എടുത്തതാണെന്നുമാണ് പണം നൽകിയ മൊയ്തീൻ പറയുന്നത്. പണം കൊടുത്താൽ ഗോവിന്ദൻ മാസ്റ്റർ തന്നെ അതു തിരികെ തരുമെന്നും, പണം നൽകിയവർ പറഞ്ഞിരുന്നതായും മൊയ്തീൻ വ്യക്തമാക്കി.


'ആ പണം എന്റേതല്ല. പണം എന്റെ കയ്യിൽ തന്നതാണ്. ഫോട്ടോ എടുപ്പിച്ചതാണ്. ഞാൻ പോരുവാന്ന് പറഞ്ഞ് പോന്നതാണ്. പിന്നെ അവർ അങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ടുപോയതാണ്. ഗോവിന്ദൻ മാഷിന് കൊടുത്ത പണം തിരികെ തരുമെന്നും നേതാക്കന്മാര് പറഞ്ഞിരുന്നു. അങ്ങനെ കൊടുത്തു. തിരിച്ച് തരുകയും ചെയ്തു. ഞാൻ മനസ്സറിഞ്ഞ് കൊടുത്തതല്ല. സ്‌റ്റേജിൽ കേറ്റാൻ വേണ്ടി ചെയ്ത പണിയാ... ചെയ്യണ്ടായിരുന്നു.' മൊയ്തീൻ പറയുന്നു.


കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് ബാലുശ്ശേരിയിൽ എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴാണ് വയോധികൻ എത്തി, പെൻഷൻ ലഭിച്ചതാണെന്ന് പറഞ്ഞ് 2000 രൂപ പോക്കറ്റിൽ നിന്നെടുത്ത് എംവി ഗോവിന്ദന് നൽകിയതിന്റെ വീഡിയോ വൈറലായിരുന്നു. സർക്കാരിൽ നിന്നും പെൻഷൻ കിട്ടിയ തുടകയാണെന്നും, യുഡിഎഫ് വന്നാൽ ഇനി ഇതു കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീൻ പണം നൽകിയത്. പണം വാങ്ങി എണ്ണിനോക്കിയ എംവി ഗോവിന്ദൻ തിരികെ തുക മൊയ്തീന്റെ പോക്കറ്റിൽ ഇട്ടു നൽകുകയുമായിരുന്നു.



'നമ്മൾ തന്നെ വരും. ഒരു കാര്യം ചെയ്യ്... ഈ കാശ് കീശയിൽ തന്നെ വെച്ചോ' എന്നു പറഞ്ഞാണ് എംവി ഗോവിന്ദൻ തിരികെ മൊയ്തീന്റെ പോക്കറ്റിൽ കാശ് വെച്ചു കൊടുക്കുന്നത്. കൂടെയുണ്ടായിരുന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് 'മാഷ് വാങ്ങിയതായി കരുതിക്കോളും' എന്നും പറയുന്നത് വീഡിയോയിലുണ്ട്. ഈ വീഡിയോ ഒപ്പമുണ്ടായിരുന്നവർ പകർത്തുകയും, പിന്നീട് ഇടതുഹാൻഡിലുകളിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

Previous Post Next Post