പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തരെ കബളിപ്പിച്ച് അരക്കോടിയോളം രൂപ ദേവസ്വം ദിവസവേതനക്കാർ തട്ടിയെടുത്തതായി സൂചന. താൽക്കാലിക ജീവനക്കാരെന്ന നിലയിൽ ലഭിച്ച തിരിച്ചറിയൽ കാർഡ് മുതലാക്കിയായിരുന്നു തട്ടിപ്പ്. സംഘമായി എത്തുന്ന ഭക്തരെയാണ് ഇവർ പ്രധാനമായും ചൂഷണം ചെയ്തത്. നെയ്യഭിഷേകത്തിന് ക്യൂ നിൽക്കാതെ എത്തിക്കാൻ ഒരാളിൽ നിന്നും 500 രൂപ വരെ ഈടാക്കിയിരുന്നു.
പണം വാങ്ങി ദർശനം തരപ്പെടുത്തിക്കൊടുത്തു. ഇരുമുടിക്കെട്ടിലെ അരി നിക്ഷേപിക്കുന്ന വഞ്ചിയിൽ നിർബന്ധിച്ച് പണം ഇടുവിച്ചു. ചരട് പൂജയുടെ പേരിലും പണം പിരിച്ചതായിട്ടാണ് സംശയിക്കുന്നത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് നടന്ന തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തു വന്നത്. 50 ഓളം പേർ ചുരുങ്ങിയത് ഒരു ലക്ഷം രൂപ വീതം തട്ടിയിട്ടുണ്ടെന്നാണ് വിവരം.
മഞ്ഞളും ഭസ്മവും കുങ്കുമവും കലർന്ന നോട്ടുകൾ ചിലർ അയക്കുന്നതായി സന്നിധാനത്തെ പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറെ വിവരം അറിയിച്ചത്. തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്‌പെഷൽ കമ്മീഷണർ ആർ ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി.
2025 നവംബർ 17 നും ഡിസംബർ 31 നും ഇടയിൽ 6000 രൂപ വരെയുള്ള തുകകളായി പല ദിവസങ്ങളിൽ അയച്ചതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അഞ്ചുപേർ മാത്രം തട്ടിയത് 3.73 ലക്ഷം രൂപയോളം വരും. സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മണി ഓർഡറായി 14.08 ലക്ഷം രൂപയാണ് പോയിട്ടുള്ളത്. ബാങ്കുകൾ വഴി അയച്ചവരുടെ കണക്കുകൾ കൂടി പുരത്തു വന്നാൽ തുക വളരെ ഉയർന്നേക്കും. 25,000 രൂപയ്ക്കു മേൽ അയച്ചവരുടെ വിവരങ്ങളാണ് ഹൈക്കോടതിക്ക് നൽകിയിട്ടുള്ളത്.
