പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള കോട്ടയം ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ കോട്ടയം നിയസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വോട്ടർ പട്ടികയാണ് ഉപയോഗിക്കുക.
അന്തിമ പട്ടിക പ്രകാരം ജില്ലയിൽ ആകെ 1498824 വോട്ടർമാരാണുള്ളത്. ഇതിൽ 730005 പുരുഷൻമാരും 768805 സ്ത്രീകളും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ട 14 പേരും ഉൾപ്പെടുന്നു. ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽനിന്നും 161262 പേർ കുറവുണ്ട്. കരട് വോട്ടർ പട്ടികയിലുള്ള പരാതികൾ സ്വീകരിച്ച് ഹിയറിംഗ് പൂർത്തിയാക്കിയതിനു ശേഷമാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യുമറേഷൻ ഫോം നൽകാത്താവരെയുമൊക്കെ ഒഴിവാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയിൽ 40912 വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തി. പാലാ- 4119, കടുത്തുരുത്തി- 3427, വൈക്കം- 4353, ഏറ്റുമാനൂർ- 5261, കോട്ടയം -3851, പുതുപ്പള്ളി- 3390, ചങ്ങനാശേരി -5448 കാഞ്ഞിരപ്പള്ളി -4536, പൂഞ്ഞാർ- 6527 എന്നിങ്ങനെയാണ് വിവിധ മണ്ധലങ്ങളിൽ പട്ടികയിൽ ഉൾപ്പെടുത്തിയവരുടെ എണ്ണം.
അന്തിമ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) പരിശോധിക്കാം.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, കോട്ടയം നിയമസഭാ മണ്ഡലത്തിലെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ എം. ഉഷാകുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുബിൻ കെ.എസ്, ലാൽ കൃഷ്ണ, ജോയി തോമസ് ആനിത്തോട്ടം, അഡ്വ. വി.ആർ.ബി. നായർ, അഡ്വ. വി.കെ. സന്തോഷ് കുമാർ, രാജു ആലപ്പാട്ട്, എസ്. ആൻസാരി, അഡ്വ. ജെയ്‌സൺ ജോസഫ്, ഫാറൂക് പാലപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
എസ്.ഐ.ആർ അന്തിമ പട്ടിക പ്രകാരം കോട്ടയം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം. ഒഴിവായ വോട്ടർമാരുടെ എണ്ണം ബ്രാക്കറ്റിൽ.
1.പാലാ-174429(പുരുഷൻമാർ-84965, സ്ത്രീകൾ-89464, ട്രാൻസ് ജെൻഡർ-0, ഒഴിവാക്കപ്പെട്ടവർ- 775)
2.കടുത്തുരുത്തി -174752(പുരുഷൻമാർ-85233, സ്ത്രീകൾ-89518, ട്രാൻസ് ജെൻഡർ-1, ഒഴിവാക്കപ്പെട്ടവർ- 490)
3. വൈക്കം-154973(പുരുഷൻമാർ-75503, സ്ത്രീകൾ- 79467, ട്രാൻസ് ജെൻഡർ-3, ഒഴിവാക്കപ്പെട്ടവർ- 299)
4. ഏറ്റുമാനൂർ -157360(പുരുഷൻമാർ-76936, സ്ത്രീകൾ-80423, ട്രാൻസ് ജെൻഡർ-1, ഒഴിവാക്കപ്പെട്ടവർ- 490)
5.കോട്ടയം -147747(പുരുഷൻമാർ-71116, സ്ത്രീകൾ-76630, ട്രാൻസ് ജെൻഡർ-1, ഒഴിവാക്കപ്പെട്ടവർ- 641)
6. പുതുപ്പള്ളി-169064(പുരുഷൻമാർ-82359, സ്ത്രീകൾ-86700, ട്രാൻസ് ജെൻഡർ-5, ഒഴിവാക്കപ്പെട്ടവർ- 893)
7. ചങ്ങനാശേരി -161214(പുരുഷൻമാർ-77709, സ്ത്രീകൾ-83503, ട്രാൻസ് ജെൻഡർ-2, ഒഴിവാക്കപ്പെട്ടവർ- 726)
8. കാഞ്ഞിരപ്പള്ളി -176063(പുരുഷൻമാർ-85474, സ്ത്രീകൾ-90588, ട്രാൻസ്‌ജെൻഡർ-1, ഒഴിവാക്കപ്പെട്ടവർ-326)
9. പൂഞ്ഞാർ-183222(പുരുഷൻമാർ 90710, സ്ത്രീകൾ-92512, ട്രാൻസ് ജെൻഡർ-0, ഒഴിവാക്കപ്പെട്ടവർ- 409)
