'ഭരണഘടന സാക്ഷിയായി ഞങ്ങൾ വിവാഹിതരാകുന്നു'; വേടന്റെ വിവാഹ ക്ഷണക്കത്ത് വൈറൽ



കൊച്ചി: റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. ഫെബ്രുവരി 24 ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.


'ഇന്ത്യൻ ഭരണഘടന സാക്ഷിയായി ഞങ്ങൾ വിവാഹിതരാകുന്നു' എന്നാണ് ക്ഷണക്കത്തിന്റെ തുടക്കത്തിലുള്ളത്. ആർഭാടങ്ങൾ ഒഴിവാക്കി തികച്ചും ലളിതമായി തയ്യാറാക്കിയ ഈ കുഞ്ഞു കല്യാണക്കുറി ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ദീർഘകാല സുഹൃത്തും എഴുത്തുകാരിയുമായ നവമിയാണ് വധു. പൂർണമായും രജിസ്റ്റർ വിവാഹമായിട്ടായിരിക്കും ചടങ്ങുകൾ നടക്കുക. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് കല്യാണക്കുറി പങ്കുവെച്ചത്. ഇരുവരെയും വിവാഹത്തിനായി അണിയിച്ചൊരുക്കുന്നതും രഞ്ജു തന്നെയാണ്.


'എന്ത് ലളിതമായിട്ടാണ് ഈ കല്യാണക്കുറി ചെയ്തിരിക്കുന്നത്. ഒട്ടും തന്നെ ആർഭാടമില്ലാതെ ഒരു കുഞ്ഞ് കല്യാണക്കുറി. ഒട്ടും ആർഭാടമില്ലാതെ അവർ കല്യാണം കൊണ്ടാടാൻ പോവുകയാണ്. എന്നും എന്നും എന്നും ഒത്തിരി സന്തോഷത്തോടെ നിങ്ങൾക്ക് ജീവിക്കാൻ കഴിയട്ടെ,' - രഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു.

Previous Post Next Post