'പോറ്റിയുടെ കാര്യങ്ങൾ ചോദിച്ചു, കൃത്യമായി മറുപടി പറഞ്ഞു; എസ്‌ഐടിയുടെ നടപടിയിൽ അസ്വാഭാവികതയില്ല': അടൂർ പ്രകാശ്

തിരുവനന്തപുരം: എസ്‌ഐടിയുടെ ചോദ്യംചെയ്യലിൽ ഒരു അസ്വാഭാവികതയും ഇല്ലെന്നും ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂർ പ്രകാശ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.


എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ തന്നെ ട്രെയിനിൽ കയറി ഇവിടെ എത്തിയത്. അതിനിടെയാണ് ചില കാര്യങ്ങൾ അറിയാനുണ്ട് എന്ന് എസ്‌ഐടി പറഞ്ഞത്. ഇതനുസരിച്ച് രാവിലെ തന്നെ പോയി. എസ്‌ഐടി ചോദിച്ച കാര്യങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞു. മറുപടി പറഞ്ഞത് അനുസരിച്ച് അവർ കാര്യങ്ങൾ മുന്നോട്ടുനീക്കും. അതിനപ്പുറത്തേയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവും പറയാനില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.


അവർ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം ഞാൻ ഉത്തരം നൽകി. പോറ്റിയെ കുറിച്ച് ചോദിച്ചിട്ടുണ്ട്. എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. ആ പങ്ക് വെച്ച വിവരങ്ങളെല്ലാം അവർ രേഖപ്പെടുത്തി. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കൂ. അദ്ദേഹം പുറത്തിറങ്ങിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയല്ല ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഒരു അസ്വാഭാവികതയുമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

Previous Post Next Post