ആലപ്പുഴ: ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ബിജെപി നേതാക്കൾ. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി ഉൾപ്പെടെയുള്ളവരാണ് ഇന്ന് രാവിലെ രാജീവരുടെ ചെങ്ങന്നൂരിലുള്ള വീട്ടിലെത്തിയത്.
രാജീവരുടെ കുടുംബാംഗങ്ങളുമായി ബിജെപി നേതാക്കൾ സംസാരിച്ചു. തിടുക്കപ്പെട്ടുള്ള അറസ്റ്റിൽ സംശയമുണ്ടെന്നും കെ രാധാകൃഷ്ണനും വി എൻ വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്നും സന്ദീപ് വാചസ്പതി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
'കേരളത്തിലെ പ്രബലമായ കുടംബത്തിലെ അംഗത്തിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആ നിലയ്ക്കാണ് ഇവിടെ എത്തിയത്. കുടുംബത്തിന് പിന്തുണ അറിയിക്കേണ്ടത് ഞാനല്ല. സംസ്ഥാന നേതൃത്വമാണ്. രാജീവര് തെറ്റുകാരനാണോ ഇല്ലയോ എന്നതെല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. എന്നാൽ ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് എന്തിനാണ്? കെ രാധാകൃഷ്ണനും വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളത്. തന്ത്രിയെ ചാരി മന്ത്രിയെ രക്ഷിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നു', സന്ദീപ് വാചസ്പതി പ്രതികരിച്ചു.
കേസിൽ അറസ്റ്റിലായ കണ്ഠരര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി കടത്തിയ കേസിലാണ് ഇപ്പോൾ കണ്ഠരര് രാജീവർക്ക് എതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കട്ടിളപ്പാളി കൊണ്ട് പോകാൻ തന്ത്രി ഒത്താശ ചെയ്തു, ആചാര ലംഘനത്തിന് കൂട്ട് നിന്നു തുടങ്ങിയ ആരോപണങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്.
