മാപ്പ് പറയാൻ മനസില്ല, കേസും കോടതിയും പുത്തരിയല്ല; ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി എ കെ ബാലൻ

പാലക്കാട്: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന തന്റെ പ്രസ്താവനയിൽ മാപ്പ് പറയാൻ മനസില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തെ ഇസ്ലാമി നൽകിയ വക്കീൽ നോട്ടീസിന് ഒരാഴചയ്ക്കുള്ളിൽ മറുപടി നൽകും. എന്നാൽ നിരുപാധികം മാപ്പ് പറയാനോ നഷ്ടപരിഹാരം നൽകാനോ തനിക്ക് മനസില്ല. ജയിലിലിൽ പോകാനാണ് അന്തിമ വിധിയെങ്കിൽ സന്തോഷപൂർവം സ്വീകരിച്ച് ജയിലിൽ പോകും. കേസും കോടതിയും തന്നെ സംബന്ധിച്ച് പുത്തരിയല്ലെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.


'വിദ്യാർഥി ജീവിതത്തിൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് 30 ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്ന ആളാണ് ഞാൻ. എൻജിഒ അധ്യാപക സമരവുമായി ബന്ധപ്പെട്ടും റിമാൻഡിലായിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോൾ എന്റെ പേരിൽ ഉണ്ടായിരുന്ന പ്രധാനപ്പെട്ട കേസിൽ ഒറ്റപ്പാലം കോടതി രണ്ടര വർഷം ശിക്ഷിച്ചിരുന്നു. പിറ്റേദിവസം തന്നെ ശിക്ഷയ്ക്ക് സ്റ്റേ വാങ്ങി. എനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്തില്ല. കേസും കോടതിയും എന്നെ സംബന്ധിച്ച് പുത്തരിയല്ല. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. എന്നെയും എന്റെ പാർട്ടിയെയും പൊതുസമൂഹത്തിന്റെ മുന്നിൽ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടി പരപ്രേരണയിലൂടെ കെട്ടിച്ചമച്ചതാണ് ഈ ആരോപണം. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് താൻ എന്ന് വരുത്തുന്നതിനുള്ള ശ്രമമാണ് നടന്നത്. 60 വർഷത്തിലേറെ കാലം നീണ്ടുനിന്നതാണ് എന്റെ പൊതുപ്രവർത്തനം.'- എ കെ ബാലൻ പറഞ്ഞു.


എ കെ ബാലന്റെ പ്രസ്താവനക്കെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസയച്ചത്. വർഗീയകലാപം നടത്തിയെന്ന പ്രസ്താവന തിരുത്തണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടിട്ടുണ്ട്.

Previous Post Next Post