കോട്ടയം: ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിലെ തുടർനടപടികളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിന് സർക്കാരിന് നന്ദി പറഞ്ഞ് സിസ്റ്റർ റാണിറ്റ്. ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തെ തന്നെ നൽകിയതിന് നന്ദിയെന്നും സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി. സമരങ്ങളെയോ പ്രതിഷേധങ്ങളെയോ കുറിച്ച് അറിയില്ലെന്നും ജനങ്ങൾ അങ്ങനെയൊക്കെ നടത്തുന്നുണ്ടാകുമെന്നും സിസ്റ്റർ റാണിറ്റ് പറഞ്ഞു. ജനങ്ങളുടെ പിന്തുണയുണ്ടെന്നും റാണിറ്റ് കൂട്ടിച്ചേർത്തു.
ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാരും അതിജീവിതയും അപ്പീൽ നൽകിയിരുന്നു. ഹൈക്കോടതിയിൽ നൽകിയ അപ്പീലിന്റെ തുടർ നടപടികൾക്കായാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബലാത്സംഗം ചെയ്‌തെന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതി. 13 തവണ ബലാത്സംഗം ചെയ്തെന്ന കേസിൽ 2018 സെപ്റ്റംബറിലാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്. ലൈംഗീകാതിക്രമ കേസിൽ ഇന്ത്യയിൽ അറസ്റ്റിലാവുന്ന ആദ്യത്തെ കത്തോലിക്ക ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ.
2022ൽ തെളിവുകളുടെ അഭാവവും അതിജീവിതയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച സിസ്റ്റർ റാണിറ്റ് കേസിൽ 2026ൽ നടക്കാനിരിക്കുന്ന ഹിയറിങിനായി കാത്തിരിക്കുകയാണ്.
