തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളിൽ വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരിൽനിന്നും കമ്മീഷൻ ഇനത്തിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബിൽ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്' എന്ന പേരിൽ റെയ്ഡ് നടത്തിയതെന്ന് വിജിലൻസ് അറിയിച്ചു.
വിവിധ സെക്ഷൻ ഓഫിസുകളിലെ 41 ഉദ്യോഗസ്ഥർ പല കരാറുകാരിൽ നിന്നായി 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയതായാണ് വിജിലൻസ് കണ്ടെത്തൽ. ഇന്ന് രാവിലെ രാവിലെ 10.30 മുതൽ സംസ്ഥാനത്തെ 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.
ഇ-ടെണ്ടർ ഒഴിവാക്കാനായി വലിയ ജോലികളെ ചെറിയ ഭാഗങ്ങളായി വിഭജിച്ച് ക്വട്ടേഷൻ ക്ഷണിക്കുന്നു. ലൈസൻസ് ഇല്ലാത്തവർക്കും ഉദ്യോഗസ്ഥരുടെ ബിനാമികൾക്കും കരാറുകൾ നൽകുന്നു. എസ്റ്റിമേറ്റ് പ്രകാരമുള്ള അളവിൽ സാധനങ്ങൾ ഉപയോഗിക്കാതെയും മഫിംഗ് പോലുള്ള ജോലികൾ ഒഴിവാക്കിയും ക്രമക്കേട് നടത്തുന്നു. സ്‌ക്രാപ്പ് രജിസ്റ്റർ, ലോഗ് ബുക്ക്, വർക്ക് രജിസ്റ്റർ എന്നിവ പലയിടത്തും കൃത്യമായി സൂക്ഷിക്കുന്നില്ല എന്നിങ്ങനെ നിരവധി ക്രമക്കേടുകൾ പല ഓഫീസുകളിലായി കണ്ടെത്തി. കഴിഞ്ഞ 5 വർഷം നടത്തിയ കരാർ പ്രവൃത്തികളാണ് വിജിലൻസ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
തിരുവനന്തപുരം വർക്കലയിൽ സബ് എൻജിനീയർ 55,200 രൂപയും മറ്റൊരാൾ 38,000 രൂപയും കരാറുകാരനിൽനിന്ന് ഗൂഗിൾപേ വഴി കൈപ്പറ്റി. കോട്ടയത്ത് ഇത്തരത്തിൽ സബ് എൻജിനീയർ 1,83,000 രൂപയും ഓവർസീയർ 18,550 രൂപയുമാണ് വാങ്ങിയത്. കട്ടപ്പന സെക്ഷൻ ഓഫിസിൽ അസി.എൻജീനീയർ 2,35,700 രൂപയാണ് വാങ്ങിയത്. ഇതേ ഓഫിസിലെ നാല് ഉദ്യോഗസ്ഥർ 1,86,000 രൂപ കരാറുകാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ബിനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥർ തന്നെ വർക്ക് ഏറ്റെടുത്തു ചെയ്യുന്നതാണോ എന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ഓഫിസുകളിൽ ലക്ഷങ്ങളുടെ കൈക്കൂലി ഇടപാടുകളാണ് നടന്നിരിക്കുന്നതെന്നാണു വിജിലൻസ് കണ്ടെത്തൽ.
അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064 എന്ന ടോൾ ഫ്രീ നമ്പറിലോ 9447789100 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.
