കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് പ്ലാറ്റ്‌ഫോമിലേക്ക് എൽഡിഎഫിലെയും എൻഡിഎയിലെയും കക്ഷികളും നിഷ്പക്ഷരായ ആളുകളും വരും. അവർ ആരൊക്കെയാണ് എന്ന് ഇപ്പോൾ ദയവായി ചോദിക്കരുത്. കാത്തിരിക്കാനും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് എന്ന തരത്തിൽ രാഷ്ട്രീയരംഗത്ത് ചർച്ചകൾ സജീവമായി തുടരുന്ന പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ. 'കേരള കോൺഗ്രസ് മാണി വിഭാഗം ഇപ്പോഴും ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടിയാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഒന്നും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. നിങ്ങളോട് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ വിസ്മയങ്ങൾ ഉണ്ടാവും. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മതി. യുഡിഎഫിന്റെ പക്കലേക്ക് എൽഡിഎഫ് കക്ഷികളും എൻഡിഎ കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും വരും. അത് ഉറപ്പായും വരും. അവർ ആരൊക്കെയാണ് എന്ന് ദയവ് ചെയ്ത് ഇപ്പോൾ ചോദിക്കരുത്. കാത്തിരിക്കൂ.' - വി ഡി സതീശൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കേ, കേരള കോൺഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കം ശക്തമായിരിക്കുകയാണ്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫിൽ ചേരാൻ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സോണിയയും ജോസും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ ഇക്കാര്യങ്ങൾ ചർച്ചയായി.
എഐസിസി ജനറൽ സെക്രട്ടഫി കെ സി വേണുഗോപാലാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സോണിയാഗാന്ധിയുമായുള്ള ടെലഫോൺ സംഭാഷണം ജോസ് കെ മാണിയുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ജോസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കേരള കോൺഗ്രസിനെ മുന്നണിയിലെത്തിക്കാൻ കത്തോലിക്കാ സഭയുടെ പിന്തുണയോടെ കോൺഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളാണ് തന്ത്രപരമായ നീക്കം നടത്തുന്നത്.
