വിഴിഞ്ഞത്ത് യുഡിഎഫിന് വിജയം, സിപിഎമ്മിൽ നിന്നു തിരിച്ചു പിടിച്ചു, ബിജെപിക്കും തിരിച്ചടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിൽ യുഡിഎഫിന് വിജയം. കോൺഗ്രസിന്റെ കെ എച്ച് സുധീർ ഖാനാണ് വിജയിച്ചത്. കഴിഞ്ഞ രണ്ടു തവണയും സിപിഎം വിജയിച്ച വാർഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. സിപിഎം സ്ഥാനാർത്ഥി എൻഎ നൗഷാദിനെയാണ് പരാജയപ്പെടുത്തിയത്.


യുഡിഎഫ് സ്ഥാനാർത്ഥി സുധീർഖാന്റെ വിജയം 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഇതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് അംഗസംഖ്യ 20 ആയി ഉയർന്നു. വാർഡിൽ ബിജെപി സ്ഥാനാർത്ഥി സർവശക്തിപുരം ബിനു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2437 വോട്ടുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.


യുഡിഎഫിനും എൽഡിഎഫിനും വിമതസ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു. എൽഡിഎഫ് വിമതനായി മത്സരിച്ചത് മുൻ കൗൺസിലർ കൂടിയായ എൻഎ റഷീദാണ്. റഷീദ് 118 വോട്ടു നേടി. യുഡിഎഫിന്റെ വിമതനായി മത്സരിച്ചത് യൂത്ത് കോൺഗ്രസ് നേതാവായ കിസാൻ ഹുസൈനാണ്. 400 ലേറെ വോട്ട് ഹുസൈൻ നേടിയിട്ടുണ്ട്. റിബലുണ്ടായിട്ടും വിജയം പിടിച്ചെടുക്കാനായത് യുഡിഎഫിന് ആശ്വാസകരമാണ്.


തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് 50 സീറ്റുകളാണ് ലഭിച്ചിരുന്നത്. വിഴിഞ്ഞത്തു കൂടി വിജയിച്ചിരുന്നെങ്കിൽ 51 സീറ്റ് നേടി ഭരണത്തിൽ കേവലഭൂരിപക്ഷം ബിജെപിക്ക് ഉറപ്പാക്കാമായിരുന്നു. നിലവിൽ സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ബിജെപി നഗരസഭ ഭരണം നടത്തുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും നേടിയ സീറ്റ് കൈമോശം വന്നത് എൽഡിഎഫിനും തിരിച്ചടിയാണ്. സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.

Previous Post Next Post