കൊച്ചി: സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽഡിഎഫിന് വിജയം. എൽഡിഎഫിന്റെ സി ബി രാജീവ് 221 വോട്ടുകൾക്കാണ് വിജയിച്ചത്.
യുഡിഎഫിന്റെ ജോസ് പി പിയെയാണ് പരാജയപ്പെടുത്തിയത്. നാലു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വോട്ടെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എസ് ബാബു മരിച്ചതിനെത്തുടർന്നാണ് ഓണക്കൂർ വാർഡിലെ പോളിങ് മാറ്റിവെച്ചത്.
15 വാർഡുകളുള്ള പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ 9 വാർഡുകളിൽ വിജയിച്ച് യുഡിഎഫ് അധികാരത്തിലേറിയിരുന്നു. അതിനാൽ ഫലം ഭരണത്തെ ബാധിക്കില്ല. എറണാകുളം ജില്ലയിൽ വോട്ടെടുപ്പ് മാറ്റിവെച്ച ഏക വാർഡാണ് പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡ്.
സ്ഥാനാർത്ഥിയുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരുന്ന മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിൽ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ കൊരമ്പയിൽ സുബൈദ 222 വോട്ടുകൾക്ക് വിജയിച്ചു.
മൂത്തേടം ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളാണ് ഉള്ളത്. ഇതിൽ 17 എണ്ണവും യുഡിഎഫ് നേടി. ഒരു വാർഡിൽ മാത്രമാണ് ഇടതുമുന്നണി വിജയിച്ചത്. വോട്ടെടുപ്പിന് മൂന്നു ദിവസം മുമ്പ് യുഡിഎപ് സ്ഥാനാർത്ഥി കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്നാണ് പായിമ്പാടത്തെ വോട്ടെടുപ്പ് മാറ്റിയത്.
