തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള മത്സരം വൈകീട്ട് രാത്രി 7-നാണ് തുടങ്ങുന്നത്. സഞ്ജു സാംസൺ സ്വന്തംനാട്ടിൽ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവൻ വിറ്റുതീർന്നിരുന്നു.
ലോകകപ്പിനു മുൻപുള്ള അവസാന മത്സരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകീട്ട് ഇന്ത്യൻ ടീം സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂർത്തിയാക്കിയത്. സൂര്യകുമാറും ഇഷാൻ കിഷനും ശ്രേയസ് അയ്യരും നെറ്റ്‌സിൽ പരിശീലനം നടത്തി. അക്ഷർ പട്ടേൽ, ബുംറ, കുൽദീപ്, വരുൺ ചക്രവർത്തി എന്നിവരും പരിശീലനത്തിനെത്തി.
ന്യൂസീലൻഡ് ടീമും ക്യാപ്റ്റൻ സാന്റ്‌നറുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ടീം പരിശീലനത്തിനെത്തി. ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്‌സ്, ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര എന്നിവർ ബാറ്റിങ് പരിശീലനത്തിനിറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പൊലീസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാർക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
