തൃശൂർ: ചാലക്കുടിയിൽ വീണ്ടും പുലിയെന്ന് ആശങ്ക. പുലിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കോടശ്ശേരി പഞ്ചായത്തിലെ 17-ാം വാർഡായ എലിഞ്ഞിപ്ര കള്ള് ഷാപ്പ് റോഡിലാണ് പുലിയുടേതെന്ന് സാദൃശ്യമുള്ള ജീവിയെ കണ്ടത്.
ഇന്നലെ രാത്രി 10ഓടെ ഓട്ടോറിക്ഷയിൽ വന്ന സ്റ്റീഫൻ എന്ന പ്രദേശവാസിയാണ് ജീവിയെ കണ്ടത്. തെരുവ് നായയെ ഓടിച്ചെത്തിയ ജീവി സമീപത്തെ വെള്ളാനി തോമസിന്റെ മതിൽ ചാടികയറിതായി പറയുന്നു. തുടർന്ന് വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോൾ പുലിയുടേതിനു സമാനമായ ജീവിയുടെ ദൃശ്യം പതിഞ്ഞിട്ടുമുണ്ട്.
ഇന്ന് മുതൽ പ്രദേശത്ത് തെരുവ് നായകളും ഇല്ലാതായതായിട്ടുണ്ട് എന്ന് നാട്ടുകാർ പറയുന്നു. ജീവിയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. മാസങ്ങൾക്കു മുമ്പ് ചാലക്കുടി നഗരത്തിൽ പുലിയിറങ്ങിയിരുന്നു.
