ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം; 'നീതി കിട്ടാൻ ഏതറ്റം വരെയും പോകും'.കണ്ടന്റിനായി ഒരു ജീവന്‍ ഇല്ലാതാക്കിയില്ലേ; അച്ഛനും അമ്മയ്ക്കും തുണയായി ആരുമില്ല; സോഷ്യല്‍ മീഡിയയില്‍ വിവാദം കത്തുന്നു.


ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം.

മരിച്ച ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കുന്നു. ദീപക് തെറ്റ് ചെയ്തിട്ടില്ല. യുവതിയുടെ പോസ്റ്റ്‌ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു

പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച്‌ ദീപക് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതുപ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാവിലെ ഏഴു മണിയോടെ കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടില്‍.

സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ആരോപണം ദീപകിനെ മാനസികമായി തകര്‍ത്തെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ദീപക് നിരപരാധിയാണെന്നും ഇക്കാര്യത്തിലുള്ള വിഷമം ഇന്നലെ രാത്രിയിലും പങ്കുവെച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു പ്രശ്‌നത്തിനും പോകാത്തയാളാണ് ദീപക്. യുവതി വീഡിയോ എയര്‍ ചെയ്തതോടെ പോയത് ഒരു ജീവനാണ്. അച്ഛനും അമ്മയ്ക്കും ഇനി ആരുമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അവരുട് മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് കണ്ടറിയണം എന്ന് നാട്ടുകാര്‍ പറഞ്ഞു.


Previous Post Next Post